
തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട രണ്ട് വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ജനകീയ സമരം നടത്താൻ ഒരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം. രണ്ട് ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖർ.
ശബരിമല സ്വർണക്കൊള്ളയില്‍ സിബിഐ അന്വേഷണം വേണമെന്നാണ് രാജീവ് ചന്ദ്ര ശേഖർ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലെ ഒന്നാമത്തെ ആവശ്യം. കൂടാതെ ശബരിമല സ്ത്രീപ്രവേശന സമരത്തില്‍ മുഴുവൻ കേസുകളും പിൻവലിക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്.
ശബരിമലയുമായി ബന്ധപ്പെട്ട് ഏതാനും വർഷങ്ങളായി ഭക്തജനങ്ങളുടെ വിശ്വാസത്തിനും ആചാരങ്ങള്‍ക്കും നേരെ തുടർച്ചയായി കടന്നുകയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും 2018-ല്‍ ആരംഭിച്ച സംഭവവികാസങ്ങള്‍ ഭക്തസമൂഹത്തില്‍ വലിയ വേദന സൃഷ്ടിച്ചിരുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളിലും സത്യം പുറത്തുകൊണ്ടുവരുന്നതിനും ക്ഷേത്രസമ്പത്തിൻ്റെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിനുമായി സിബിഐ അന്വേഷണം ശുപാർശ ചെയ്യണമെന്നും, ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത ഭക്തർക്കെതിരെ രജിസ്റ്റർ ചെയ്‌തിട്ടുള്ള എല്ലാ കേസുകളും നിരുപാധികം പിൻവലിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വിഷയങ്ങളില്‍ നടപടി എടുത്തില്ലെങ്കില്‍ അയ്യപ്പഭക്തരുടെ അവകാശങ്ങളും വിശ്വാസവും സംരക്ഷിക്കുന്നതിനായി സംസ്ഥാനവ്യാപകമായി ജനകീയ സമരം നടത്താനാണ് ബിജെപിയുടെ തീരുമാനമെന്നും കത്തില്‍ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.







