
മലപ്പുറം ചങ്ങരംകുളത്ത് വാഹനപരിശോധനക്കിടെ പൊലീസിന് നേരെ കൈയ്യറ്റവും അസഭ്യവർഷവും: കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ
മലപ്പുറം: പൊലീസിനെ അസഭ്യം പറയുകയും എസ് ഐയെയും പൊലീസുകാരനെയും അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കുറ്റിപ്പാലയിൽ വാഹന പരിശോധനക്കിടെ ഹെൽമെറ്റ് ധരിക്കാതെ വന്ന പ്രതിയെ പൊലീസ് ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ് ഉദ്യോഗസ്ഥരോട് ഇയാൾ അപമര്യാദയായി പെരുമാറിയത്
തൃത്താലയിൽ ഒരു വാറണ്ട് കേസിൽ എസ് ഐയെയും പൊലീസുകാരെയും പൂട്ടിയിട്ട് തല്ലിയതടക്കം പതിനെട്ടോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി പടിഞ്ഞാറങ്ങാടി സ്വദേശി ചുങ്കത്ത് ഷാജി(50)നെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
വാഹന പരിശോധനയ്ക്കിടെ ബൈക്കില്‍ ഹെൽമറ്റ് ഇല്ലാതെ വന്ന പ്രതിയെ പൊലീസ് തടഞ്ഞ് നിർത്തി. തുടര്‍ന്ന് വാഹനത്തിന്റെ രേഖകളും ലൈസന്‍സും ആവശ്യപ്പെട്ടു. എന്നാല്‍ ഷാജിയുടെ കൈയില്‍ രേഖകളൊന്നും ഉണ്ടായിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ബൈക്കിന് പിഴ അടക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതനായ ഷാജി, പൊലീസിന് നേരെ തട്ടിക്കയറുകയും അസഭ്യം പറയുകയുമായിരുന്നു.
പിന്നീട്, ഇയാള്‍ പൊലീസുകാരെ അക്രമിക്കുകയും ബൈക്കെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, പ്രദേശത്ത് ഉണ്ടായിരുന്ന നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഷാജിയെ കീഴ്പ്പെടുത്തുകയായിരുന്നു.
തൃത്താലയിലെ ഒരു വാറണ്ട് കേസിൽ ഷാജിയെ പിടികൂടാൻ ചെന്ന മുൻ കുറ്റിപ്പുറം എസ്ഐയെയും പൊലീസുകാരെയും മുറിയിൽ പൂട്ടിയിട്ട് തല്ലിയതടക്കം പതിനെട്ടോളം കേസിൽ പ്രതിയാണ് പിടിയിലായ ഷാജി എന്ന് പൊലീസ് പറഞ്ഞു. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.