ലുലുമാളിൽ സിനിമാ താരത്തിനു രക്ഷയില്ല; കോട്ടയം ശീമാട്ടിൽ അഭിഭാഷകയ്ക്കു രക്ഷയില്ല; ശീമാട്ടിയിൽ ഒളിക്യാമറ വച്ചെങ്കിൽ ലുലുമാളിൽ പെൺകുട്ടിയെ കടന്നു പിടിച്ചു; സ്ത്രീകളോടുള്ള കേരളത്തിന്റെ മനോഭാവം എന്നു മാറും

ലുലുമാളിൽ സിനിമാ താരത്തിനു രക്ഷയില്ല; കോട്ടയം ശീമാട്ടിൽ അഭിഭാഷകയ്ക്കു രക്ഷയില്ല; ശീമാട്ടിയിൽ ഒളിക്യാമറ വച്ചെങ്കിൽ ലുലുമാളിൽ പെൺകുട്ടിയെ കടന്നു പിടിച്ചു; സ്ത്രീകളോടുള്ള കേരളത്തിന്റെ മനോഭാവം എന്നു മാറും

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിലെ ശീമാട്ടി എന്ന ടെക്‌സ്‌റ്റൈൽ ഷോപ്പിൽ അഭിഭാഷക വസ്ത്രം മാറുന്നതിനിടെ മൊബൈൽ ക്യാമറയിൽ ചിത്രവും വീഡിയോയും പകർത്തിയ സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ ലുലുമാളിൽ നടന്നത് നാടിനെ ഞെട്ടിക്കുന്നു. അറിയപ്പെടുന്ന നടിയ്ക്കു നേരെയാണ് ഇപ്പോൾ പരസ്യമായി അതിക്രമം ഉണ്ടായിരിക്കുന്നത്. ഒരാഴ്ച മുൻപാണ് കോട്ടയം ശീമാട്ടിയിൽ അഭിഭാഷകയായ യുവതിയ്ക്കു നേരെ അതിക്രമം ഉണ്ടായത്. ഈ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും, സംഭവം പുറം ലോകം  ചർച്ച ചെയ്യുകയും ചെയ്ത ശേഷമാണ് ഇപ്പോൾ ലുലുമാളിൽ നടിയായ യുവതിയ്ക്കു നേരെ അതിക്രമമുണ്ടായത്.

കൊച്ചി നഗരത്തിലെ പ്രമുഖ മാളിൽ യുവ നായികാനടിയെ കടന്നുപിടിക്കാൻ ശ്രമിച്ച രണ്ടു യുവാക്കളെ സിസി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇരുവരും നടിയെ പിന്തുടരുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചതോടെ വൈകാതെ ഇരുവരേയും കുടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾ എങ്ങോട്ടാണ് പോയതെന്നറിയാൻ മാളിനു പുറത്തുള്ള സിസി ടി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. യുവാക്കൾ 24 വയസിന് താഴെയുള്ളവരാണ്. ഇരുവരും മാസ്‌ക് ധരിച്ചിട്ടുള്ളതിനാൽ മുഖം വ്യക്തമല്ല. അതിനാലാണ് അറസ്റ്റ് വൈകുന്നത്. എന്നാൽ, മാളിലെ രജിസ്റ്ററിൽ മുഴുവൻ സന്ദർശകരുടെയും പേരും മൊബൈൽ നമ്പരും രേഖപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്ററിൽ പേര് രേഖപ്പെടുത്തുന്ന ദൃശ്യങ്ങളും നടിയെ ശല്യപ്പെടുത്തുന്ന ദൃശ്യങ്ങളും താരതമ്യം ചെയ്ത് പ്രതികളിലേക്ക് എത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. കളമശേരി സി.ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.

അപമാനിതയായ വിവരം ഇൻസ്റ്റാഗ്രാമിലൂടെ നടി തന്നെയാണ് വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വനിതാ കമ്മിഷനും കേസെടുത്തു. ജാമ്യമില്ലാ വകുപ്പായ പൊതുസ്ഥലത്ത് സ്ത്രീത്വത്തെ അപമാനിക്കൽ കുറ്റപ്രകാരമാണ് ( ഐ.പി.സി 354, 354 ഡി) കേസ്. ഒന്നു മുതൽ അഞ്ചു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. പൊലീസിൽ പരാതി നൽകില്ലെന്ന നിലപാടാണ് നടിയും കുടുംബവും ആദ്യം സ്വീകരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ആറു മണിക്കാണ് സംഭവം. സഹോദരി, അമ്മ, സഹായി എന്നിവർക്കൊപ്പമാണ് നടി മാളിലെത്തിയത്. ഹൈപ്പർ മാർക്കറ്റിലൂടെ നടക്കുന്നതിനിടെ യുവാക്കളിലൊരാൾ നടിയുടെ പിന്നിൽ പിടിക്കുകയായിരുന്നു. തിരക്കില്ലാത്ത സ്ഥലത്ത് സംഭവം നേരിൽക്കണ്ട സഹോദരി നടിയോട് വിവരങ്ങൾ ആരാഞ്ഞു. അറിയാതൈ കൈ തട്ടിയതല്ലെന്ന് മനസിലായതോടെ ഇരുവരും യുവാക്കളുടെ അടുത്തേക്ക് എത്തിയപ്പോൾ അവർ ഓടിമാറി.

പിന്നീട് കൗണ്ടറിൽ ബില്ലടയ്ക്കുമ്പോൾ യുവാക്കൾ വീണ്ടുമെത്തി. ഏതൊക്കെ സിനിമകളിൽ അഭിനയിച്ചെന്നായിരുന്നു അവരുടെ ചോദ്യം. നടി ഉച്ചത്തിൽ സംസാരിക്കുകയും അമ്മയെ വിളിക്കുകയും ചെയ്തതോടെ യുവാക്കൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടെന്നാണ് നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

പൊലീസ് മൊഴിയെടുക്കാൻ നടിയുടെ വീട്ടിലെത്തിയെങ്കിലും ഷൂട്ടിംഗ് ലൊക്കേഷനിലായതിനാൽ ശ്രമം പരാജയപ്പെട്ടു. അമ്മയുടെ മൊഴി രേഖപ്പെടുത്തി മടങ്ങിയ അന്വേഷണസംഘം നടിയെ നേരിൽ കാണും. വനിതാ കമ്മിഷനും നടിയുടെ മൊഴിയെടുക്കും.