Wednesday, April 22, 2026

ലണ്ടനിലെ ഹൈദരാബാദി റെസ്റ്റോറന്റില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റു; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ലണ്ടന്‍: കിഴക്കന്‍ ലണ്ടനിലെ ഹൈദരാബാദി റെസ്റ്റോറന്റിനുള്ളില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കത്തി​കൊണ്ട് കുത്തിയ 23കാരനായ ഇന്ത്യന്‍ യുവാവിനെ അറസ്റ്റ ചെയ്തു.

ഈസ്റ്റ് ഹാമിലെ ഹൈദരാബാദ് വാല ബിരിയാണി റെസ്റ്റോറന്റില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഇവിടെ പാര്‍ട്ട് ടൈം ആയി ജോലി ചെയ്തിരുന്ന സോന ബിജുവിനെ (22) ആണ് ശ്രീറാം അംബര്‍ള എന്നയാള്‍ കുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച തെംസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു.20ഓളം കുത്തുകളാണ് സോനയുടെ ശരീരത്തിലുണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ ലണ്ടന്‍ ആംബുലന്‍സ് സര്‍വീസും ഉദ്യോഗസ്ഥരും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നുവെങ്കിലും ഇപ്പോള്‍ നില തൃപ്തികരമാണെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഹൈദരാബാദുകാരനായ പ്രതിക്ക് ലണ്ടനില്‍ സ്ഥിരമായ മേല്‍വിലാസമില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് റെസ്റ്റോറന്റില്‍ നടന്ന ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ആക്രമണം നടത്തിയയാള്‍ ഭക്ഷണം കഴിക്കാന്‍ റെസ്റ്റോറന്റില്‍ വന്നതാണെന്ന് കരുതുന്നു. മറ്റ് ഉപഭോക്താക്കളെയും ജീവനക്കാരെയും ഇയാള്‍ ഭീഷണിപ്പെടുത്തുന്നത് വിഡിയോയില്‍ കാണാം. സംഭവത്തിന് പിന്നിലെ ഉദ്ദേശ്യം പൊലീസ് അന്വേഷിക്കുകയാണ്.

സോന ബിജു കഴിഞ്ഞ ഫെബ്രുവരിയിലാണ് ലണ്ടനിലെത്തുന്നത്. ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി മാസ്റ്റേഴ്സിന് പഠിക്കുകയാണ് ഇവര്‍. യൂണിവേഴ്സിറ്റി പൊലീസുമായി സഹകരിക്കുന്നുണ്ടെന്നും വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.

‘മാര്‍ച്ച്‌ 25ന് ഈസ്റ്റ് ഹാമിലെ ഹൈദരാബാദ് വാല റെസ്റ്റോറന്റില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഭവത്തെക്കുറിച്ച്‌ ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്സിറ്റിക്ക് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന മെട്രോപൊളിറ്റന്‍ പൊലീസിനും ബന്ധപ്പെട്ടവര്‍ക്കും ഞങ്ങള്‍ പിന്തുണ നല്‍കുന്നു’ -സര്‍വകലാശാല പ്രസ്താവനയില്‍ പറഞ്ഞു.