play-sharp-fill
പള്ളിക്കത്തോട്ടിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ: വാർത്ത വ്യാജം: പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍  എട്ടാം വാര്‍ഡില്‍ മാത്രം : ജില്ലാ കളക്ടര്‍

പള്ളിക്കത്തോട്ടിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ: വാർത്ത വ്യാജം: പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ എട്ടാം വാര്‍ഡില്‍ മാത്രം : ജില്ലാ കളക്ടര്‍

സ്വന്തം ലേഖകൻ

കോട്ടയം : പള്ളിക്കത്തോട് പഞ്ചായത്തിൽ സമ്പുർണ ലോക്ക് ഡൗൺ ഏർപ്പെടുത്തി എന്ന രീതിയിലുള്ള പ്രചാരണം വ്യാജം. പഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തി എന്ന് രാവിലെ മുതൽ തന്നെ പ്രചാരണം ഉണ്ടായിരുന്നു.

എന്നാൽ , പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തില്‍ കണ്ടെയ്ന്‍മെന്‍റ് സോണായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള എട്ടാം വാര്‍ഡില്‍ മാത്രമാണ് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ബാധകമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗബാധിത മേഖലകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരാണ് സര്‍ക്കാര്‍ ഹോട് സ്പോട്ടുകളും കണ്ടെയ്ന്‍മെന്‍റ് സോണുകളും പ്രഖ്യാപിക്കുന്നത്.

ഒരു കുടുംബത്തിലെ ആറു പേര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കാണ് പള്ളിക്കത്തോട്ടില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം ക്വാറന്‍റയിനിലാണ്. ഇവര്‍ സന്ദര്‍ശിച്ച വ്യാപാര സ്ഥാപനങ്ങള്‍ പ്രതിരോധ നടപടിയുടെ ഭാഗമായി അടപ്പിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ കുടുംബത്തില്‍ സന്ദര്‍ശനം നടത്തിയ ബാംഗ്ലൂരില്‍നിന്നുള്ള ബന്ധുക്കളുടെയും പൊന്‍കുന്നത്തെ ആശുപത്രിയില്‍ ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ സഹപ്രവര്‍ത്തകയുടെയും പരിശോധനാ ഫലം നെഗറ്റീവാണ്.

ഇവര്‍ക്ക് വൈറസ് ബാധയുണ്ടാകാനിടയായ സാഹചര്യം കണ്ടെത്തുന്നതിന് രോഗികളുടെ സമ്പര്‍ക്ക പശ്ചാത്തലം സംബന്ധിച്ച വിശദമായ പരിശോധന നടന്നുവരികയാണ്.

പഞ്ചായത്ത് മുഴുവന്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം നിലവിലില്ല. അതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച ശുപാര്‍ശ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല- ജില്ലാ കളക്ടര്‍ പറഞ്ഞു.