രോഗിയുമായി പോയ ആംബുലൻസിനെ വഴിതടഞ്ഞ് കാറില്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവം; കാര്‍ ഉടമയുടെ ലൈസൻസ് ആറ് മാസത്തേയ്ക്ക് സസ്പെന്റ് ചെയ്തു

Spread the love

കൊല്ലം: രോഗിയുമായി പോയ ആംബുലൻസിനെ വഴിതടഞ്ഞ് കാറില്‍ അഭ്യാസ യാത്ര നടത്തിയതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി.

കാർ ഉടമയുടെ ലൈസൻസ് ആറ് മാസത്തേയ്ക്ക് സസ്പെന്റ് ചെയ്തു. മൈലക്കോട് സ്വദേശി ഫിർദോസ് ആണ് ആംബുലൻസിന് സൈഡ് നല്‍കാതെ അഭ്യാസ യാത്ര നടത്തിയത്.

കൊല്ലം കുണ്ടറ കണ്ണനല്ലൂർ റോഡില്‍ ശനിയാഴ്ചയായിരുന്നു സംഭവം. മൂന്ന് കിലോമീറ്ററോളമാണ് ആംബുലൻസിന്റെ തടസപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകർത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഉടനടി കാർ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു.

പിന്നാലെ ഡ്രൈവർ ഫിർദോസിന്റെ ലൈസൻസ് ആറ് മാസത്തേയ്ക്ക് സസ്പെന്റ് ചെയ്യുകയായിരുന്നു. അതേസമയം, ആംബുലൻസ് തന്റെ വാഹനത്തിന് പിന്നിലുണ്ടായിരുന്നു എന്ന കാര്യം ശ്രദ്ധിച്ചിരുന്നില്ലെന്നാണ് ഫിർദോസ് നല്‍കുന്ന വിശദീകരണം. സൈറൻ മുഴക്കി വരുന്ന ആംബുലൻസ് വരുന്നത് അറിഞ്ഞില്ലെന്നത് വിചിത്ര വാദമെന്നാണ് സോഷ്യല്‍മീഡിയ വിലയിരുത്തല്‍.

ലൈസൻസ് സസ്പെന്റ് ചെയ്തതോടൊപ്പം 5000 രൂപ പിഴയും ചുമത്തി. അപകട‌കരമായ രീതിയില്‍ വാഹനമോടിച്ചതിനാണ് പിഴ ചുമത്തിയതെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സം‌ഭവ്തതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കടുത്ത വിമർശനമാണ് കാർ ഉടമയ്ക്കെതിരെ ഉയരുന്നത്.