
കോട്ടയം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കഞ്ഞിക്കുഴിയിലെ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ഉദ്ഘാടനം നടക്കും. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും പതാക ഉയർത്തുകയും ചെയ്യും.
ലഹരിക്കെതിരായ ജനകീയ ബോധവൽക്കരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ അധ്യക്ഷത വഹിക്കും. കോട്ടയം ഡിവൈഎസ്പി അരുൺ കെ എസ് സ്വാഗതം ആശംസിക്കും. മുനിസിപ്പൽ ചെയർമാൻ എം പി സന്തോഷ് കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ പോലീസ് മേധാവി സാബു കെ എം മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷൻ ഹണി അലക്സാണ്ടർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാർ എസ്, മുനിസിപ്പൽ കൗൺസിലർ ജോഫി മരിയ ജോൺ, ജില്ലാ സാമൂഹ്യനീതി ഓഫീസർ സിജു ബെൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ബിജു വി എം കൃതജ്ഞത അർപ്പിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിപാടിയുടെ ഭാഗമായി മിനി മാരത്തോൺ, സൈക്കിൾ റാലി, ഫ്ലാഷ് മോബ്, സ്ട്രീറ്റ് പ്ലേ, സ്കിറ്റ്, ലഹരി വിരുദ്ധ റാലി തുടങ്ങിയ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. മൗണ്ട് കാർമൽ ഗേൾസ് എച്ച്എസ്എസ് സ്കൗട്ട് ആൻഡ് ഗൈഡ്സ് അവതരിപ്പിക്കുന്ന ഫ്ലാഷ് മോബ് ഉണ്ടാകും.
“ലഹരിക്കെതിരെ ഒന്നിക്കാം, ഭാവിയെ സംരക്ഷിക്കാം ” എന്ന സന്ദേശമുയർത്തി വിദ്യാർത്ഥികൾ, യുവജനങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് അകറ്റിനിർത്തുന്നതിനുമുള്ള കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ജില്ലാതല ആഘോഷങ്ങൾ നടക്കുന്നത്.







