
ഹോസ്റ്റലിൽ ആരുമില്ലാത്ത തക്കം നോക്കി കയറിയ 67കാരൻ എംബിഎ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. സംഭവത്തിന് പിന്നാലെ പലചരക്ക് വ്യാപാരിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലെ ഗംഗപാദയിൽ കട നടത്തുന്ന ദീപക് പ്രധാൻ ആണ് അറസ്റ്റിലായത്. ഇയാൾ തൊട്ടടുത്തുള്ള വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ഛത്തീസ്ഗഡ് സ്വദേശിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ ഏപ്രിൽ 24ആം തീയതിയാണ് പെൺകുട്ടിക്ക് നേരെ അതിക്രമമുണ്ടായത്.
പെൺകുട്ടിയോടൊപ്പം താമസിച്ചിരുന്ന കുട്ടി സാധനങ്ങൾ വാങ്ങാൻ പുറത്തു പോയ സമയത്താണ് 67കാരൻ ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി ഇൻഫോ വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. പിന്നാലെയാണ് ദീപക് പ്രധാനെ അറസ്റ്റ് ചെയ്തത്. ബിഎൻഎസ് സെക്ഷൻ 64(1), 62 എന്നിവ പ്രകാരം ബലാത്സംഗ കുറ്റമാണ് ചുമത്തിയത്. പ്രഥമദൃഷ്ട്യാ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് സാഹചര്യ തെളിവുകളിലൂടെയും അടിസ്ഥാനത്തിൽ പെണ്‍കുട്ടിയുടെ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതായി പൊലീസ് അറിയിച്ചു.






