
പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട പോളിംഗ് ബുധനാഴ്ച നടക്കും. ഇതോടെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 142 മണ്ഡലങ്ങളാണ് ബുധനാഴ്ച പോളിങ് ബൂത്തിലെത്തുക. ആദ്യഘട്ട വോട്ടെടുപ്പിൽ ഉണ്ടായത് ചരിത്ര പോളിംഗ് ആണ്. ഒടുവിലെ കണക്ക് പ്രകാരം 93 ശതമാനത്തിലേറെ പേർ വോട്ട് ചെയ്തു. ഭരണ വിരുദ്ധ വികാരമാണോ ഭരണത്തിന് അനുകൂലമായ തരംഗമാണോ കണ്ടതെന്ന് മുന്നണികൾക്ക് വ്യക്തതയില്ല. രണ്ടാംഘട്ടത്തിലും ഇതേ പോളിംഗ് പ്രതീക്ഷിക്കുന്നതിനാൽ അവസാനവട്ട പ്രചാരണം കൊഴുപ്പിക്കുകയാണ് പാർട്ടികൾ. കൊൽക്കത്ത അടക്കമുള്ള മേഖലകളിലെ മേധാവിത്വം ചോരാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് തൃണമൂൽ കോൺഗ്രസ്.
അതേസമയം പ്രചാരണ പരിപാടികൾക്കിടെ മമത മത്സരിക്കുന്ന ഭവാനിപുരിലെ തന്റെ റാലിയിൽ നിന്ന് ക്ഷോഭത്തോടെ മമത ഇറങ്ങിപ്പോയി. തൊട്ടടുത്തുള്ള ബിജെപി റാലിയിൽ നിന്ന് ഉച്ചത്തിലുള്ള അനൗൺസ്മെൻറ് കാരണമാണ് പ്രസംഗം അവസാനിപ്പിച്ച് ഇറങ്ങിയത്. പിന്നാലെ ഇരു പാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉണ്ടായി. വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ബിജെപി നേതാവ് അമിത് മാളവ്യയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നത്തെ ബിജെപിയുടെ പ്രചാരണം.






