
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ബാങ്ക് കണ്‍സോർഷ്യത്തില്‍ നിന്നുള്ള കടം പൂർണമായും തീർക്കാൻ ഇനിയും വർഷങ്ങള്‍ വേണ്ടിവരും.
2018ലാണ് കെ.എസ്.ആർ.ടി.സി ബാങ്ക് കണ്‍സോർഷ്യത്തില്‍ നിന്ന് 3100 കോടി രൂപ കടമെടുത്തത്. തുകയുടെ പകുതിയിലധികം ഇതിനോടകം അടച്ചുകഴിഞ്ഞെങ്കിലും, കഴിഞ്ഞ മാർച്ച് വരെയുള്ള ഓഡിറ്റ് അനുസരിച്ച് ഇനിയും 2787.58 കോടി രൂപ അടച്ചുതീർക്കാനുണ്ട്. 2018 – 19 മുതല്‍ കെ.എസ്.ആർ.ടി.സി പ്രതിദിനം 1.19 കോടി രൂപ വീതം അടച്ചുകൊണ്ടിരിക്കുകയാണ്.
മാസം തോറും ഏകദേശം 36 കോടിയോളം രൂപയാണ് ബാങ്ക് കണ്‍സോർഷ്യത്തിന് അടയ്ക്കുന്നത്. ഇതുവരെ 2314.61 കോടി രൂപ അടച്ചുകഴിഞ്ഞു. അതായത്, കടം എടുത്തതിന്റെ പകുതിയിലധികം തുകയാണ് പലിശയിനത്തില്‍ മാത്രം കെ.എസ്.ആർ.ടി.സി അടയ്ക്കേണ്ടി വന്നത്. മാസം 36 കോടി രൂപ വീതം അടച്ചുപോയാലും കടം തീരാൻ കാലതാമസം ഉണ്ടാകുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കുന്നത്.
ബാങ്ക് കണ്‍സോർഷ്യത്തിന്റെ കടം പൂർണമായി തീരാൻ 2038 വരെ കാത്തിരിക്കേണ്ടിവരുമെന്നും രേഖകള്‍ വ്യക്തമാക്കുന്നു.2018 മാർച്ചില്‍ 20 വർഷത്തേക്കാണ് 3,100 കോടി രൂപ ബാങ്ക് കണ്‍സോർഷ്യത്തില്‍നിന്ന് കെ.എസ്.ആർ.ടി.സി കടമെടുത്തത്. ആസ്ഥാനമന്ദിരം ഉള്‍പ്പെടെ 52 ഡിപ്പോകളാണ് ഇതിന് ഈട് നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് കെ.എസ്.ആർ.ടി.സിക്ക് വായ്പ ലഭ്യമാക്കാനായി 1992ല്‍ രൂപീകരിച്ച പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കെ.ടി.ഡി.എഫ്.സിയില്‍ നിന്നുള്ള കടം തീർക്കാനാണ് ബാങ്ക് കണ്‍സോർഷ്യത്തെ കെ.എസ്.ആർ.ടി.സി സമീപിച്ചത്. 2019 മേയ് 31വരെ 7,361.41 കോടി രൂപ കെ.എസ്.ആർ.ടി.സി ഇവിടെനിന്ന് കടമെടുത്തിട്ടുണ്ട്. ഇതില്‍ 4,261 കോടി രൂപ തിരിച്ചടച്ചു. ശേഷിക്കുന്ന 3,100 കോടി രൂപ തിരിച്ചടവ് കുറഞ്ഞ ദീർഘകാല വായ്പകളിലേക്ക് മാറ്റാനാണ് 2018ല്‍ കണ്‍സോർഷ്യത്തെ സമീപിച്ചത്.
കെ.ടി.ഡി.എഫ്.സിയിലെ മുഴുവൻ ബാധ്യതയും തീർക്കാൻ ശ്രമിച്ചെങ്കിലും ബാങ്കുകളില്‍നിന്ന് 2,150 കോടി രൂപയേ ലഭിച്ചുള്ളൂ. ബാക്കിയുള്ള 950 കോടി രൂപയുടെ വായ്പ കെ.ടി.ഡി.എഫ്.സിയില്‍ നിലനിർത്തുകയായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ കണ്‍സോർഷ്യത്തില്‍ നിന്ന് കെ.ടി.ഡി.എഫ്.സിയെ ഒഴിവാക്കി, കേരളബാങ്കിനെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് കഴിഞ്ഞ കുറച്ചുമാസങ്ങളായി കെ.എസ്.ആർ.ടി.സിയില്‍ ഒന്നാം തീയതി ശമ്ബള വിതരണം നടത്തുന്നത്. അതേസമയം, കോടികള്‍ ദിനംപ്രതി വരുമാനം ഉയരുമ്ബോഴും ജീവനക്കാർ ഡി.എ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കായി കാത്തിരിക്കേണ്ട അവസ്ഥയാണ്.









