
ന്യൂ ഡല്‍ഹി: തെരുവുനായ കേസ് കൈകാര്യം ചെയ്യുമ്പോൾ വിദഗ്ധരുടെ ഇടപെടല്‍ ആവശ്യമെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി സുപ്രീംകോടതിയില്‍. ആരവല്ലി വിധിക്ക് സമാനമായ രീതിയില്‍ ഈ വിഷയം അവസാനിക്കരുതെന്നും തെരുവുനായ വിഷയത്തില്‍ വാദം തുടരുമ്പോൾ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ശാസ്ത്രീയ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടു നീങ്ങിയില്ലെങ്കില്‍ സദുദ്ദേശ്യത്തോടെയുള്ള കോടതി ഇടപെടല്‍ മാറ്റാനാകാത്ത പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുമെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചിൽ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേസില്‍ വിദഗ്ധ അഭിപ്രായത്തിന് അമിക്കസ് ക്യൂറി മാത്രം പോരെന്നും അദ്ദേഹത്തിന് നിയമോപദേശം നല്കാൻ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം വാദിച്ചു.
തെരുവുനായ വിഷയത്തില്‍ മൂന്നാം ദിനമാണ് സുപ്രീംകോടതിയില്‍ വാദം തുടരുന്നത്. തെരുവുനായകളെ ക്രൂരമായി കൈകാര്യം ചെയ്യുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകള്‍ മൃഗസ്നേഹികള്‍ ഇന്നലത്തെ വാദത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കുട്ടികളെയും മുതിർന്നവരെയും നായകള്‍ ആക്രമിക്കുന്ന നിരവധി വീഡിയോകള്‍ ലഭ്യമാണെന്ന് കോടതിയും തിരിച്ചടിച്ചു. വിഷയത്തില്‍ ചൊവ്വാഴ്ചയും വാദം തുടരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group








