
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ കൂടുതലും ആശ്രയിക്കുന്ന ഒരു ഗതാഗതമാര്‍ഗമാണ് കെഎസ്ആര്‍ടിസി. എണ്ണത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടെങ്കിലും ജീവനക്കാര്‍ എന്നും ദുരിതത്തിലാണ്.
ശമ്ബളത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തന്നെയാണ് അവിടെ നിലനില്‍ക്കുന്നത്. ഇപ്പോഴിതാ വണ്ടി ഓടാന്‍ ഡീസല്‍ അടിക്കാന്‍ പോലുമുള്ള പണം അധികൃതരുടെ കൈയിലില്ല. വരുമാനം ലഭിക്കുന്നുണ്ടെങ്കിലും ആ പണമൊക്കെ എവിടെ പോയി എന്നാണ് ആളുകള്‍ ചോദിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എസ്.ആര്.ടി.സി.യില്‍ ജൂലായിലെ വരവും ചെലവും തമ്മില്‍ 100 കോടി രൂപയുടെ അന്തരം. സര്‍ക്കാര്‍ നല്കിയ 50 കോടി രൂപയ്ക്കുപുറമേ മാനേജ്മെന്റ് കടമെടുത്ത 50 കോടി രൂപയും കൊണ്ടാണ് ജൂണിലെ ശമ്ബളവും ഡീസല്തുകയും കൊടുത്തുതീര്‍ത്തതെന്ന് ബാലന്‍സ് ഷീറ്റില്‍ വ്യക്തമാണ്.
ചെലവുകുറച്ച്, ഡ്യൂട്ടി പരിഷ്കരിച്ചതോടെ ബസുകളില്‍നിന്നുള്ള വരുമാനം ഉയര്‍ന്നിട്ടുണ്ട്. ഒരുബസില്നിന്നുള്ള ജൂലായിലെ പ്രതിദിന ശരാശരി വരുമാനം 14,873 രൂപയാണ്. അതായത് ഒരു മെച്ചപ്പെട്ട കളക്ഷനുള്ള സ്വകാര്യബസിനെക്കാള്‍ മുകളിലാണ് കെ.എസ്.ആര്.ടി.സി.യുടെ ശരാശരി വരുമാനം. സ്വിഫ്റ്റ് (6.57 കോടി), ജന്റം (4.24 കോടി), ബജറ്റ് ടൂറിസം (0.51 കോടി) എന്നിവ ഉള്‍പ്പെടെ കോര്‍പ്പറേഷന്റെ ജൂലായിലെ ടിക്കറ്റ് വരുമാനം 172.69 കോടി രൂപയാണ്.
കെട്ടിടവാടകയും പരസ്യവും ഉള്‍പ്പെടെ 13.85 കോടി രൂപ ടിക്കറ്റേതര വരുമാനവും. 186.45 കോടി കിട്ടിയപ്പോള്‍ ചെലവ് 285.66 കോടി രൂപയാണ്. എണ്ണക്കമ്ബനികള്‍ക്ക് 102.20 കോടി രൂപയും മേയ്, ജൂണ്‍ മാസങ്ങളിലെ ശമ്ബളത്തിന് 67.38 കോടി രൂപയും ചെലവിട്ടു. ജൂണില്‍ എടുത്ത ഓവര്‍ഡ്രാഫ്റ്റ് പലിശസഹിതം 50.47 കോടി രൂപയായി തിരിച്ചടച്ചു. കണ്‍സോര്‍ഷ്യം വായ്പതിരിച്ചടവ് 30 കോടി. ഫാസ് ടാഗിന് മാത്രം ഒരുകോടി രൂപയാണ് നല്‍കേണ്ടത്.
ഇപ്പോള്‍ ദിവസേന പണം നല്‍കിയാണു ഡീസല്‍ വാങ്ങുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനു മുന്‍ കുടിശിക 123 കോടിയും പലിശയും ചേര്‍ത്തു 139 കോടി കൊടുക്കാനുള്ളതിനാല്‍ ഇന്ധനം ലഭിക്കില്ല. കൊല്ലം (140), കണ്ണൂര്‍ (69), വയനാട് (46), കാസര്‍കോട് (35), കോട്ടയം (32), പത്തനംതിട്ട (23), തൃശൂര്‍ (18) എന്നിങ്ങനെ വിവിധ ജില്ലകളില്‍ ഷെഡ്യൂളുകള്‍ മുടങ്ങി. കോഴിക്കോട്ട് സ്വകാര്യ പെട്രോള്‍ ബങ്കില്‍നിന്ന് 6,000 ലീറ്റര്‍ ഡീസല്‍ വാങ്ങിയാണ് അത്യാവശ്യ സര്‍വീസുകള്‍ നടത്തിയത്. എറണാകുളം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ ബുദ്ധിമുട്ടുണ്ടായില്ല.
ഡീസല്‍ പ്രതിസന്ധി രൂക്ഷമായോടെ കെഎസ്ആര്‍ടിസി 50 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറ്ചിരിക്കയാണ്. വന്‍ തുക കുടിശിക ആയതിനെ തുടര്‍ന്ന് ഡീസല്‍ നല്‍കാനാവില്ലെന്ന് എണ്ണക്കമ്ബനികള്‍ അറിയിച്ചു. 135 കോടിയാണ് കുടിശിക. വണ്ടി ഓടിയ പണം കൊണ്ട് ജീവനക്കാര്‍ക്ക് ശമ്ബളം കൊടുത്തപ്പോള്‍ വണ്ടിക്കുള്ള ഇന്ധനത്തിനുള്ള പണമില്ലാതായതാണ് അവസ്ഥ.
കുടിശ്ശികയായ പണം നല്‍കാതെ കെ.എസ്.ആര്.ടി.സിക്ക് ഇന്ധനം നല്‍കുന്നത് കമ്ബനികള്‍ ചവിട്ടിപ്പിടിച്ചതോടെ ഓട്ടംനിലച്ച് കട്ടപ്പുറത്തായിരിക്കുകയാണ് സംസ്ഥാനത്തെ മിക്ക ജില്ലകളിലേയും കെ.എസ്.ആര്.ടി.സി ബസ്സുകള്‍. മഴയും പ്രകൃതിക്ഷോഭവും കാരണം ദിവസവരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്. 4.6 കോടി രൂപയാണ് കഴിഞ്ഞ ചൊവ്വാഴ്ച്ചത്തെ വരുമാനം. ബാങ്ക് ഓവര്‍ഡ്രാഫ്റ്റായി ലഭിച്ച 50 കോടിക്കുശേഷം ബാക്കിയുള്ള ശമ്ബളം ദിവസവരുമാനത്തില്‍നിന്നാണ് നല്‍കിയത്. 10 കോടി രൂപയോളം എണ്ണക്കമ്ബനികള്‍ക്ക് കുടിശ്ശികയുണ്ട്. സര്‍ക്കാരിനോട് അടിയന്തരസഹായധനമായി 20 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതാണ് പ്രശ്നത്തിന് കാരണമായത്.
കടുത്ത പ്രതിസന്ധിയിലേക്കാണ് സ്ഥാപനം നീങ്ങുന്നത്. ജൂണിലെ ശമ്ബളം പൂര്‍ണമായി നല്‍കിയിട്ടില്ല. മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് ജില്ലതിരിച്ചാണ് ശമ്ബളം നല്‍കുന്നത്. ഇനി രണ്ടു ജില്ലകളിലെ ശമ്ബളം നല്‍കാനുമുണ്ട്. ഇതിനുശേഷം ഉന്നത ഉദ്യോഗസ്ഥര്‍ക്കും മറ്റും ശമ്ബളം നല്‍കേണ്ടതുണ്ട്. ശമ്ബളക്കുടിശ്ശിക തീര്‍ക്കാന്‍ 10 കോടി രൂപയോളം വേണം.
സാമ്ബത്തിക പ്രതിസന്ധിക്ക് പരിഹാരമായി ജില്ലാഡിപ്പോകള്‍ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവയെ ഓപ്പറേറ്റിങ് സെന്ററാക്കി മാറ്റി ജീവനക്കാരേയും വാഹനത്തേയും കുറച്ചിരുന്നു. ഇതിനിടെയാണ് ഡീസല്‍ പ്രതിസന്ധിയും വന്നിരിക്കുന്നത്. ഡീസലടിക്കാന്‍ പണമില്ലാത്തതിനാല്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഞായറാഴ്ചയും കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടറുടെ ഉത്തരവുണ്ട്. ഓര്‍ഡിനറി സര്‍വീസുകള്‍ക്കാണ് നിയന്ത്രണം.
നിലവിലെ കടുത്ത സാമ്ബത്തിക ബുദ്ധിമുട്ടിന്റെ ഭാഗമായും ഡീസലിന്റെ ലഭ്യത കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും മോശം കാലാവസ്ഥയിലുമാണ് വരുമാനമില്ലാതെ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ ശനിയാഴ്ച്ചയും ഉച്ചക്ക് ശേഷം കഴിവതും കൃത്യമായി ഓപ്പറേറ്റ് ചെയ്യുകയും ഞായറാഴ്ച്ച ഉച്ചക്ക് ശേഷം എല്ലാ ദീര്‍ഘദൂര സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യുകയും തിങ്കളാഴ്ച്ച തിരക്ക് ഉണ്ടാകുമ്ബോള്‍ ഏതാണ്ട് പൂര്‍ണമായും ഓപ്പറേറ്റ് ചെയ്യുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു.
അതേസമയം പ്രതിദിനം നാല് ലക്ഷത്തി പതിനായിരം ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടി വാങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരി ഒന്ന് മുതല്‍ കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള ബള്‍ക്ക് പര്‍ച്ചെയ്സര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിപണി വിലയേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് പൊതുമേഖല എണ്ണ കമ്ബനികള്‍ ഡീസല്‍ വില്‍ക്കുന്നത്. കൂടുതല്‍ തുകയ്ക്ക് ഡീസല്‍ വാങ്ങേണ്ടി വരുന്നതോടെ പ്രതിദിനം പത്തൊമ്ബത് ലക്ഷം രൂപ അധികമായി നല്‍കേണ്ടിവരും. ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലുള്ള കോര്‍പറേഷന്റെ അടച്ചുപൂട്ടലിന് ഇത് വഴിവെക്കുമെന്ന് കെഎസ്ആര്‍ടിസി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.
സ്വകാര്യ ബസുകള്‍ക്ക് 91.42 രൂപയ്ക്ക് ഡീസല്‍ ലഭിക്കുമ്ബോള്‍ ലിറ്ററിന് 6.73 രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആര്‍ടിസിക്കുണ്ടാകുന്നത്. ഇത് ഭരണഘടന ഉറപ്പ് നല്കുന്ന തുല്യതയുടെ ലംഘനമാണ്. ലോകത്ത് എല്ലാ ഇടങ്ങളിലും ബള്‍ക് പര്‍ച്ചെയ്സര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കുറഞ്ഞ വിലയ്ക്കാണ് ഡീസല്‍ ലഭിക്കുന്നത്. ലാഭം ഉണ്ടാക്കുന്നതിന് എണ്ണക്കമ്ബനികള്‍ പൊതുമേഖലാ സ്ഥാപനങ്ങളെ പിഴിയുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍ ലാഭത്തിന് വേണ്ടിയല്ല തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.







