
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനചർച്ചകള്‍ക്കൊപ്പം അടുത്ത കെപിസിസി പ്രസിഡന്റാര് എന്ന ചോദ്യവും സജീവമാകുന്നു.
നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്നുറപ്പായതോടെ പകരക്കാരനെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ശക്തമായി.
ബെന്നി ബെഹ്നാൻ, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയരുന്നത്. ആന്റോ ആന്റണിയുടെ പേരും നേതൃത്വതലത്തില്‍ ചർച്ചയിലുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനനിർണയം തന്നെ കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിലും നിർണായകമാകുമെന്നാണ് വിലയിരുത്തല്‍.
കെ സുധാകരൻ പദവി ഒഴിയുന്ന ഘട്ടത്തില്‍ തന്നെ നിരവധി നേതാക്കള്‍ അധ്യക്ഷസ്ഥാനത്തേക്ക് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ക്രൈസ്തവ സമുദായ പ്രതിനിധിത്വം പരിഗണിച്ചാണ് സണ്ണി ജോസഫിനെ നേതൃത്വത്തില്‍ എത്തിച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ സാഹചര്യത്തില്‍ സണ്ണി ജോസഫ് മന്ത്രിയാകാനുള്ള സാധ്യത ശക്തമായതോടെ പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ട സാഹചര്യമാണിപ്പോള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ ഗ്രൂപ്പിലെ പ്രധാന നേതാക്കളുടെ പിന്തുണ കെ.സി. വേണുഗോപാലിനൊപ്പമാണെന്ന വിലയിരുത്തലില്‍ ബെന്നി ബെഹ്നാന്റെ സാധ്യതകള്‍ ഉയരുന്നുണ്ട്. അതേസമയം, കെസിക്കായി സജീവമായി പ്രവർത്തിച്ച ഷാഫി പറമ്പിലും അധ്യക്ഷസ്ഥാനത്തിനായി പരിഗണനയിലുണ്ട്. മുൻകാലങ്ങളില്‍ തഴയപ്പെട്ടതിനെ ചൂണ്ടിക്കാട്ടി കൊടിക്കുന്നില്‍ സുരേഷും അവകാശവാദവുമായി മുന്നിലുണ്ട്. കഴിഞ്ഞ തവണ അവസാന നിമിഷം പിന്തള്ളപ്പെട്ട ആന്റോ ആന്റണിയുടെ പേരും വീണ്ടും സജീവ ചർച്ചയാകുകയാണ്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഒരാള്‍ക്കായിരിക്കും കെപിസിസി അധ്യക്ഷസ്ഥാനം ലഭിക്കുകയെന്ന സൂചനകളാണ് ഇപ്പോള്‍ ശക്തമാകുന്നത്.







