Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കോഴിക്കോട്: രാജ്യത്തെ ആദ്യ വനിത പൊലീസ് സ്റ്റേഷൻ അമ്പത്തിന്റെ നിറവിലെത്തി. ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങള്‍ തുടക്കമായി. സിറ്റി പൊലീസിലെ അമ്പത് വനിത ഉദ്യോഗസ്ഥര്‍ കോട്ടപ്പറമ്പ്  ഗവ.ആശുപത്രിയിലെത്തി രക്തംദാനം ചെയ്താണ് അമ്പതാം ആഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടത്. പാവമണി റോഡിലെ കോഴിക്കോട് വനിത സ്റ്റേഷനാണ് സുവര്‍ണ ജൂബിലി നിറവിലുള്ളത്.

രോഗികള്‍ക്കായി മുടി ദാനം ചെയ്യല്‍, ബോധവത്കരണ പരിപാടികള്‍ അടക്കമുള്ളവ വരും ദിവസങ്ങളില്‍ നടക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചതോടെ വനിതകളുടെ സംരക്ഷണമടക്കം മുൻനിര്‍ത്തിയാണ് വനിത പൊലീസ് സ്റ്റേഷൻ എന്ന ആശയം രാജ്യത്ത് നടപ്പാക്കിയത്. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് 1973 ഒക്ടോബര്‍ 27ന് രാജ്യത്തെ ആദ്യ വനിത പൊലീസ് സ്റ്റേഷൻ നാടിന് സമര്‍പ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോൻ, ആഭ്യന്തര മന്ത്രി കെ. കരുണാകരൻ എന്നിവരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് സിറ്റി പൊലീസ് മേധാവിയുടെ ഓഫിസിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലായിരുന്നു വനിത സ്റ്റേഷന്റെ തുടക്കം. 1997 ഏപ്രില്‍ അഞ്ചിനാണ് ഇന്നുള്ള സ്വന്തം കെട്ടിടത്തിലേക്ക് സ്റ്റേഷൻ മാറിയത്.

ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ്. തിരുവനന്തപുരത്തുകാരി പത്മിനിയമ്മയായിരുന്നു വനിത സ്റ്റേഷനിലെ ആദ്യ എസ്.ഐ. സിറ്റി പൊലീസിന്റെ പരിധിയാണ് വനിത സ്റ്റേഷന്റെ ഭൂപരിധിയായി നിശ്ചയിച്ചത് എന്നതിനാല്‍ നഗരത്തിലെവിടെയുള്ളയാള്‍ക്കും ഇവിടെ പരാതി നല്‍കാം.

ആദ്യകാലത്ത് പരാതിക്കാരും എതിര്‍കക്ഷികളുമെല്ലാം വനിതകളായിരിക്കണമെന്ന നിബന്ധനയുണ്ടായിരുന്നെങ്കിലും ഇന്നതെല്ലാം മാറി. വനിത സ്റ്റേഷനെ മാതൃക പൊലീസ് സ്റ്റേഷനാക്കി മാറ്റുന്നതിന് കെട്ടിടം നവീകരിച്ച്‌ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണമെന്നടക്കമുള്ള ആവശ്യങ്ങള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

വാര്‍ഷികാഘോഷ പരിപാടി മേയര്‍ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. ഡി.സി.പി കെ.ഇ. ബൈജു അധ്യക്ഷത വഹിച്ചു. അസി. കമീഷണര്‍ പി. ബിജുരാജ്, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി രാജേന്ദ്ര രാജ, കേരള പൊലീസ് അസോസിയേഷൻ ജില്ല സെക്രട്ടറി പി.ആര്‍. രഗീഷ്, വനിത സെല്‍ ഇൻസ്പക്ടര്‍ പി. ഉഷ എന്നിവര്‍ സംസാരിച്ചു.