Spread the love

കോഴിക്കോട്: നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിലെ നിരാശയിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത തിരുവള്ളൂർ സ്വദേശി ചിരിയകണ്ടോത്ത് ഇബ്രാഹിം കുട്ടി ഹാജിയുടെ മൃതദേഹത്തെ ചൊല്ലി വടകരയിൽ വിവാദം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കൊണ്ടുപോകുന്നതിനിടെ മരുമകൻ മുജീബിനെ ആംബുലൻസിൽ നിന്ന് ഇറക്കിവിട്ടെന്നാണ് പരാതി. മൃതദേഹം വടകര ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുൻ പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ ടി.വി. സുധീർ കുമാറിന്റെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന ആവശ്യത്തെ തുടർന്നാണ് തർക്കമുണ്ടായത്. തുടർന്ന് മുജീബും പൊലീസും തമ്മിൽ വടകര പൊലീസ് സ്റ്റേഷനിൽ വാക്കേറ്റമുണ്ടാകുകയും, സംഭവത്തിൽ മുജീബ് പരാതി നൽകുകയും ചെയ്തു.

video
play-sharp-fill

അതേസമയം, ഇബ്രാഹിം ഹാജിയുടെ മരണത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സുധീർ കുമാറിനെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് നീക്കിയിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പ്രതികരിച്ചു. ആത്മഹത്യയല്ല, കൊലപാതകമാണ് നടന്നതെന്ന ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തി. സംഭവത്തിൽ രാഷ്ട്രീയ തലത്തിലും വിവാദം കനക്കുകയാണ്.

യുഡിഎഫ് നിയന്ത്രണത്തിലുള്ള വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകനായിരുന്നു ഇബ്രാഹിം കുട്ടി. കുടുംബത്തിനും അദ്ദേഹത്തിനുമായി 22 ലക്ഷം രൂപ ലഭിക്കാനുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. പണം തിരികെ ലഭിക്കാൻ വർഷങ്ങളായി സൊസൈറ്റിയെയും ബന്ധപ്പെട്ടവരെയും സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സാമ്പത്തിക പ്രതിസന്ധിയാണ് തുക മടക്കി നൽകാൻ കഴിയാത്തതിന് കാരണമെന്ന് സൊസൈറ്റി ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group