
കന്യാകുമാരി: കുറച്ചുദിവസങ്ങളായി കേരളവും തമിഴ്‌നാടും ഒരുപോലെ ഉറ്റുനോക്കിയിരുന്ന ആ തിരച്ചില്‍ ഒടുവില്‍ കണ്ണീരോർമ്മയായി അവസാനിച്ചു.
കന്യാകുമാരിയില്‍ സന്ദർശനത്തിനെത്തി കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ കോട്ടയം കിടങ്ങൂർ കുരിക്കാട്ടില്‍ സ്വദേശികളായ ആൻ ഫിലിപ്പ് (35), ഇളയ സഹോദരി മീര ഫിലിപ്പ് (32) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. കന്യാകുമാരി വാവതുറൈ ചൂണ്ടവളവ് കടല്‍ മേഖലയില്‍ ഇന്ന് പുലർച്ചെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. തുടർന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
അമേരിക്കയില്‍ നിന്നു ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് സഹോദരിമാർ നാട്ടിലെത്തിയത്. വിനോദസഞ്ചാരത്തിന്റെ ഭാഗമായാണ് ഇരുവരും തമിഴ്‌നാട്ടിലേക്ക് യാത്ര തിരിച്ചത്. മധുര, രമേശ്വരം തുടങ്ങിയ പുണ്യസ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ച ശേഷം ഏപ്രില്‍ 26-ാം തീയതി വൈകുന്നേരമാണ് ഇവർ കന്യാകുമാരിയില്‍ എത്തിയത്. അവിടെ ഒരു സ്വകാര്യ ഹോട്ടലില്‍ മുറിയെടുക്കുകയും ചെയ്തു. എന്നാല്‍ അന്ന് ഹോട്ടലില്‍ നിന്ന് പുറത്തുപോയ ഇവർ പിന്നീട് തിരികെ എത്തിയില്ല. രണ്ടുദിവസം പിന്നിട്ടിട്ടും താമസിച്ചിരുന്ന മുറിയിലേക്ക് ഇവർ മടങ്ങിയെത്താതിരുന്നതോടെ ഹോട്ടല്‍ അധികൃതർക്ക് സംശയം തോന്നി.
ഹോട്ടല്‍ രജിസ്റ്ററില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറില്‍ അധികൃതർ ബന്ധപ്പെട്ടപ്പോള്‍ യുവതികളുടെ അമ്മ മേരിയാണ് ഫോണ്‍ എടുത്തത്. മക്കള്‍ തിരിച്ചെത്തിയില്ലെന്ന വിവരം അറിഞ്ഞതോടെ കുടുംബം വലിയ പരിഭ്രാന്തിയിലായി. തുടർന്ന് യുവതികളുടെ പിതാവ് ഫിലിപ്പിന്റെ സഹോദരനും മറ്റ് ബന്ധുക്കളും ഉടൻതന്നെ കന്യാകുമാരിയിലേക്ക് തിരിച്ചു. കന്യാകുമാരി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മൊബൈല്‍ ടവർ ലൊക്കേഷൻ പരിശോധിച്ചും അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ നാടിനെ നടുക്കിയ ആ വാർത്ത എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലർച്ചെ വാവതുറൈ ഭാഗത്ത് കടലില്‍ മത്സ്യബന്ധനത്തിന് പോയി തിരിച്ചുവന്ന മത്സ്യത്തൊഴിലാളികളാണ് കടല്‍ത്തീരത്തിനടുത്ത് രണ്ട് മൃതദേഹങ്ങള്‍ പൊങ്ങിക്കിടക്കുന്നത് കണ്ടത്. വിവരം അറിഞ്ഞയുടൻ കന്യാകുമാരി പോലീസും കോസ്റ്റല്‍ പോലീസും സ്ഥലത്തെത്തി. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹങ്ങള്‍ കരയ്ക്കെത്തിച്ചു. ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആൻ ഫിലിപ്പിന്റെയും മീര ഫിലിപ്പിന്റെയുമാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹങ്ങള്‍ ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി നാഗർകോവില്‍ ആശാരിപ്പള്ളി സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
യുവതികളുടെ മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന കാര്യം പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. കടലില്‍ ഇറങ്ങിയപ്പോള്‍ തിരമാലയില്‍പ്പെട്ട് അപകടം സംഭവിച്ചതാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
അമേരിക്കയില്‍ നല്ല നിലയില്‍ ജോലി ചെയ്തിരുന്ന ഇവർ എന്തിനാണ് കന്യാകുമാരിയില്‍ എത്തിയതെന്നും അവിടെ വെച്ച് അവർക്ക് എന്ത് സംഭവിച്ചുവെന്നും അറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സന്തോഷത്തോടെ വിനോദയാത്രയ്ക്ക് പോയ സഹോദരിമാർ ചേതനയറ്റ ശരീരമായി മടങ്ങിവരുന്നത് കണ്ടുനില്‍ക്കാൻ ബന്ധുക്കള്‍ക്കും നാട്ടുകാർക്കും സാധിച്ചില്ല. കിടങ്ങൂർ ഗ്രാമം ഈ വലിയ ദുരന്തത്തിന്റെ ആഘാതത്തിലാണ്.







