വാദ്യകലാകാരന് കൊവിഡ്; ഇന്ന് അടച്ച തിരുനക്കര മഹാദേവക്ഷേത്രം ശനിയാഴ്ച തുറക്കും; ക്ഷേത്രം തുറക്കുന്നത് അണുവിമുക്തമാക്കിയ ശേഷം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ക്ഷേത്രത്തിലെ താല്കാലിക വാദ്യകലാകാരന്  കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു അടച്ചിട്ട തിരുനക്കര മഹാദേവക്ഷേത്രം ശനിയാഴ്ച രാവിലെ തുറക്കും. ക്ഷേത്രവും പരിസരവും അണുവിമുക്തമാക്കിയ ശേഷമാണ് ഭക്തർക്കായി തുറന്നു നൽകുന്നത്. ക്ഷേത്രത്തിലെ സ്ഥിരം ജീവനക്കാർ അവധിയെടുക്കുമ്പോൾ താല്കാലികമായി ജോലിയ്ക്ക് എത്തിയിരുന്ന വാദ്യമേള കലാകാരനാണ് വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ക്ഷേത്രം അടച്ചിരുന്നെങ്കിലും, നിത്യപൂജകൾ മുടക്കമില്ലാതെ നടന്നിരുന്നു.

ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരനുമായി സമ്പർക്കമുണ്ടായിരുന്ന മുഴുവൻ ജീവനക്കാരോടും ക്വാറന്റയിനിൽ പോകാൻ നിർദേശിച്ചിരുന്നു. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല.

വെള്ളിയാഴ്ച കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്ഷേത്രം പൂർണമായും അണുവിമുക്തമാക്കി. തുടർന്നാണ് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം ഉണ്ടാകുക.