
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയിൽ നിന്ന് മെമ്മറി കാർഡ് ചോർന്നതിൽ നീതി തേടി അതിജീവിത ഹൈക്കോടതിയിൽ. പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. അന്വേഷണ റിപ്പോർട്ട് റദ്ദ് ചെയ്ത് ഹൈക്കോടതി മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നാണ് ആവശ്യം. കേസ് അട്ടിമറിക്കപ്പെട്ടെന്നാണ് അതിജീവിത ആരോപിക്കുന്നത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയായ വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത ഹൈക്കോടതിയിൽ പുതിയ ഹർജി ഫയൽ ചെയ്തത്.
മെമ്മറി കാർഡ് പെൻഡ്രൈവിലേക്ക് കോപ്പി ചെയ്തിരുന്നു ഇതടക്കം ലാബിൽ അയച്ച് വിശദമായ പരിശോധനകൾ നടത്തണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നുമുള്ള ആവശ്യമാണ് ഹർജിയിൽ അതിജീവിത പറയുന്നത്. മെമ്മറി കാർഡ് സുരക്ഷിതമായി സൂക്ഷിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം വിചാരണ കോടതി ജഡ്തിയായിരുന്നു ഹണി എം വർഗീസ് പാലിച്ചില്ലെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. മെമ്മറി കാർഡ് അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. 2019 നവംബർ 29നാണ് ഇതുസംബന്ധിച്ച് വിചാരണക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. മെമ്മറി കാർഡ് പരിശോധിക്കുമ്പോൾ മൊബൈൽ ഫോണോ ദൃശ്യം പകർത്താൻ സാധ്യതയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദിക്കരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. എഫ്എസ്എൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെമ്മറി കാർഡ് പരിശോധിക്കാനായിരുന്നു നിർദ്ദേശം.






