
കോട്ടയം: ചൂട് കൂടിയതോടെ ജില്ലയില് ഇന്ന് ഉഷ്ണതരംഗ സാധ്യതയുള്ളതിനാല് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു.
രാവിലെ 10 മുതല് ഉച്ചകഴിഞ്ഞ് മൂന്നു വരെയുള്ള സമയത്ത് കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
കുടയില്ലാതെ ആര്ക്കും പുറത്തിറങ്ങാന് സാധിക്കാത്ത സാഹചര്യമാണ്. നേരിട്ട് വെയിലേറ്റാല് തളര്ച്ചയും ക്ഷീണവും തലചുറ്റലും ഉള്പ്പെടെയുള്ള അസ്വസ്ഥതകള് പലര്ക്കും ഉണ്ടാകുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടുത്ത ചൂടിനെത്തുടര്ന്നു നിരവധിപ്പേര്ക്കു ശരീരം തടിച്ചുപൊങ്ങുന്നതുള്പ്പെടെയുള്ള ബുദ്ധിമുട്ടുകളുമുണ്ടായി.
വിവിധങ്ങളായ ആരോഗ്യ പ്രശനങ്ങളുമായി നിരവധിപ്പേരാണ് ആശുപത്രികളില് ചികിത്സതേടി എത്തുന്നത്. നിരവധി കുട്ടികളാണ് മൂത്രത്തില് ഇന്ഫക്ഷനുമായി ചികിത്സ തേടിയിരിക്കുന്നത്.
കുട്ടികളെ രാവിലെയും വൈകുന്നേരവും കുളിപ്പിക്കണമെന്നും ആരോഗ്യ പ്രവര്ത്തകര് പറയുന്നു. ദാഹമില്ലെങ്കിലും നിശ്ചിത ഇടവേളകളില് ശുദ്ധജലം കുടിക്കണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര് നല്‍കുന്ന നിര്ദേശം.
ഉച്ചകഴിഞ്ഞു മൂന്നിനുശേഷം വെയിലിന്റെ കാഠിന്യം അല്‍പം കുറയുമെങ്കിലും ഉഷ്ണത്തിനു കുറവില്ല. സന്ധ്യ മയങ്ങുന്നതോടെ കടുത്ത ഉഷ്ണമാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ പല ദിവസങ്ങളിലും പുലര്ച്ചെയോടെ മാത്രമാണ് ഉഷ്ണത്തിനു ചെറിയ ശമനമുണ്ടായത്. ജില്ലയില് യുവി ഇന്ഡെക്സിന്റെ വികിരണനിരക്ക് എട്ടിലേക്ക് ഉയര്ന്നതോടെയാണ് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചത്. ചങ്ങനാശേരിയിലാണ് എട്ട് രേഖപ്പെടുത്തിയത്.
അള്ട്രാവയലറ്റ് വികിരണം കൂടുതല് ഏല്ക്കുന്നത് സൂര്യാഘാതത്തിനും ചര്മ, നേത്രരോഗങ്ങള്ക്കും ഇടയാക്കും. അള്ട്രാവയലറ്റ് ഇന്ഡെക്സ് പൂജ്യം മുതല് അഞ്ച് വരെയാണെങ്കില് മനുഷ്യനു ഹാനികരമല്ല.
ആറു മുതല് ഏഴ് വരെ മഞ്ഞ അലര്ട്ടും എട്ടു മുതല് 10 വരെ ഓറഞ്ച് അലര്ട്ടും 11ന് മുകളില് റെഡ് അലര്ട്ടുമാ
ണ്.
അള്ട്രാവയലറ്റ് റേഡിയോ മീറ്ററുകളില്നിന്നാണ് കണക്കുകള് ശേഖരിക്കുന്നത്. ഉയര്ന്ന താപനിലയും ഈര്പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ നാളെ വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര് പറയുന്നു.
ഉഷ്ണതരംഗ സാധ്യതയുള്ളതിനാല് ഇന്നും നാളെയും പൊതുജനങ്ങള് രാവിലെ 10നും മൂന്നിനും ഇടയില് കൂടുതല് നേരം ശരീരത്തില് നേരിട്ട് സൂര്യപ്രകാശം ഏല്ക്കാന് പാടില്ല.
പുറംജോലികളില് ഏര്പ്പെടുന്നവര്, ഉള്നാടന് മത്സ്യത്തൊഴിലാളികള്, ബൈക്ക് യാത്രികര്, തൊഴിലാളികള് തുടങ്ങിയവരെല്ലാം ഏറെ ശ്രദ്ധിക്കണണം.
ഒട്ടുമിക്കപ്പോഴും കാറ്റില്ലാത്തതിനാല് ഉഷ്ണവും കൂടുതലാണ്. ഉയര്ന്ന താപനിലയും ഈര്പ്പമുള്ള വായുവും കാരണം ജില്ലയിലെ മലയോര മേഖലകളിലൊഴികെ 26 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
മുന്വര്ഷങ്ങളെ അപേക്ഷിച്ചു ജില്ലയില് 31 ശതമാനം വേനല്മഴ കുറവാണ്. നാലുവര്ഷത്തിനിടെ ആദ്യമായാണ് ജില്ലയില് മഴ ഇത്രയും കുറയുന്നത്.
കർശന നിർദേശവുമായി ജില്ലാ ഭരണകൂടം
കോട്ടയം: ചൂട് വര്ധിച്ച സാഹചര്യത്തില് കർശന നിർദേശവുമായി ജില്ലാ ഭരണകൂടം. ട്രാഫിക് പോലീസിനു കുടിവെള്ളവും തണലും ഉറപ്പാക്കുന്നതും യൂണിഫോമില് ഇളവ്, തുറസായ സ്ഥലത്തുള്ള പൊതുയോഗങ്ങള്, കലാ-കായിക പരിപാടികള്, സെലക്ഷന് നടപടികള്,
തൊഴില് മേളകള് തുടങ്ങി എല്ലാ പരിപാടികളും രാവിലെ 11 മുതല് മൂന്നു വരെയുള്ള സമയങ്ങളില് കര്ശനമായി ഒഴിവാക്കണം.
ഉത്സവങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിലും സമയ ക്രമീകരണം വരുത്തണം. തീപിടിത്ത സാധ്യതയുള്ളതിനാല് ഉത്സവങ്ങളുമായും പരിപാടികളുമായും ബന്ധപ്പെട്ട് അതീവജാഗ്രത പുലര്ത്തണം. വെടിക്കെട്ടുകള്, ആന എഴുന്നള്ളിപ്പ് പോലെയുള്ളവ ഒഴിവാക്കാനും നിര്ദേശം.
മാര്ഗനിര്ദേശങ്ങൾ
പകല് സമയത്ത് അനാവശ്യ യാത്രകള് ഒഴിവാക്കണം.
ഹൃദ്രോഗം, പ്രമേഹം, ചര്മരോഗങ്ങള്, കാന്സര്, പ്രായമായവര്, ഗര്ഭിണികള്, കുട്ടികള്, ആല്ബനിസം അവസ്ഥയുള്ളവര് ശ്രദ്ധിക്കണം.
വീട്ടിലും തൊഴിലിടത്തും ധാരാളമായി ശുദ്ധജലം കുടിക്കുകയും വായുസഞ്ചാരം ഉറപ്പാക്കണം.
പകല്സമയത്ത് പുറംപണികളില് ഏര്പ്പെടരുത്.
പുറത്തിറങ്ങുന്നവര് കുട ഉപയോഗിക്കണം.
പാദരക്ഷകള് ധരിക്കണം. സണ് ഗ്ലാസ് ഉപയോഗിക്കണം.
ഇളംനിറത്തിലുള്ള അയഞ്ഞ കോട്ടണ് വസ്ത്രങ്ങള് ധരിക്കണം.
കന്നുകാലികള്ക്കും മറ്റ് വളര്ത്തുമൃഗങ്ങള്ക്കും വെള്ളവും തണലും ഉറപ്പാക്കണം.
പഞ്ചായത്തുകള് കുടിവെള്ള വിതരണം ഉറപ്പാക്കണം.
ആരോഗ്യവകുപ്പ്
ആരോഗ്യ സംവിധാനം സജ്ജരാക്കി നിര്ത്തണം.
സൂര്യാഘാതവും ചൂടുകൂടുന്നതു മൂലമുണ്ടാകാനിടയുള്ള മറ്റ് അപകടങ്ങളെയും മുന്നില് കണ്ടുകൊണ്ടുള്ള തയാറെടുപ്പ് നടത്തണം.
ആരോഗ്യകേന്ദ്രങ്ങളില് കിടക്ക, മരുന്ന്, പ്രഥമശുശ്രൂഷാ സൗകര്യങ്ങള്, ആന്റിവെനം, പൊള്ളല്ശുശ്രൂഷാ സൗകര്യം ആംബുലന്സ് ലഭ്യത തുടങ്ങിയവ നിരന്തരം നിരീക്ഷിച്ച് ഉറപ്പു വരുത്തണം.
സ്വകാര്യ ആരോഗ്യ സംവിധാനങ്ങളെയും ആയുഷ് സംവിധാനങ്ങളെയും സഹകരിപ്പിക്കാവുന്ന മേഖലകളില് സഹകരിപ്പിച്ചുള്ള കര്മപദ്ധതി തയാറാക്കണം.
തൊഴില്വകുപ്പ്
തൊഴില്സമയം പുനഃക്രമീകരിച്ചു പുറത്തിറക്കിയ ഉത്തരവ് കര്ശനമായി നടപ്പിലാക്കണം.
ഇതരസംസ്ഥാന തൊഴിലാളികളിലേക്കും മുന്നറിയിപ്പുകളും സുരക്ഷാ നിര്ദേശങ്ങളും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം.
വ്യാപാരകേന്ദ്രങ്ങളിലെയും മാര്ക്കറ്റുകളിലെയും വായുസഞ്ചാരം, കുടിവെള്ളം, ടോയ്ലെറ്റ് സൗകര്യങ്ങള് എന്നിവ പരിശോധിക്കണം.
ഓട്ടോ-ടാക്സി തൊഴിലാളികള്ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങള് ഉറപ്പാക്കണം.
ഓണ്ലൈന് വിതരണ തൊഴിലാളികള്ക്ക് അവരുടെ സംഭരണ കേന്ദ്രങ്ങളിലും റസ്റ്ററന്റുകളുടെ സമീപത്തും വിശ്രമസൗകര്യം ഒരുക്കണം.
വിദ്യാഭ്യാസവകുപ്പ്
അവധിക്കാല ക്ലാസുകള്, ക്യാമ്പുകള് എന്നിവ ഒഴിവാക്കണം.
സ്വകാര്യ സ്കൂളുകള്ക്കും ഇവ ബാധകമാക്കണം.
അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷയും വായുസഞ്ചാരം, കുടിവെള്ളം, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളും ഉറപ്പുവരുത്തി പരീക്ഷാ മൂല്യനിര്ണയ പ്രവര്ത്തനങ്ങള് അനുവദിക്കാം.
പോലീസ്
ട്രാഫിക് ഡ്യൂട്ടി, വിഐപി ഡ്യൂട്ടി, ഉത്സവങ്ങളിലെ സുരക്ഷാ ഡ്യൂട്ടി തുടങ്ങി പുറം ഡ്യൂട്ടികളില് നിശ്ചയിക്കപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണം.
പുറം ഡ്യൂട്ടിയിലുള്ള പോലീസുകാര്ക്ക് വെള്ളം എത്തിക്കാനും തണല് ഒരുക്കാനും ശ്രമിക്കണം. സണ്ഗ്ലാസ്, കുട എന്നിവ ഉപയോഗിക്കാന് നിര്ദേശിക്കണം.
തളര്ച്ചയോ മറ്റോ അനുഭവപ്പെട്ടാല് ഉടനെ തന്നെ വൈദ്യസഹായം ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കണം.
പുറം ഡ്യൂട്ടിയില് ഏര്പ്പെടുന്ന ഉദ്യോഗസ്ഥര്ക്ക് ബൂട്സ്, സോക്സ്, ഷര്ട്ട് ഇന്സേര്ട്ട് പോലെയുള്ള കാര്യങ്ങളില് യൂണിഫോമില് ഇളവ് നല്കണം.
ജോലി സമയം ഇടവേളകളോടുകൂടി ക്രമീകരിക്കുന്നതും ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നതും പരിഗണിക്കണം.









