
കോട്ടയം: നഗരസഭയുടെ നാഗമ്പടം മുനിസിപ്പൽ പാർക്കിൽ 20 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി തുറന്നു. മുഖം മിനുക്കിയ മുനിസിപ്പല് പാര്ക്ക് ഇനി കോട്ടയത്തിന്റെ പൊതു ഇടം.
നവീകരണം നടത്തിയ പാര്ക്ക് ഏപ്രില് ഒന്നുമുതല് പൊതുജനങ്ങള്ക്കായി തുറന്നുകൊടുത്തിരുന്നു.
പാര്ക്ക് വൃത്തിയാക്കല്, പെയിന്റിംഗ്, ചെടികള് വെട്ടിയൊരുക്കല്, പുല്ത്തകിടി മോടിപിടിപ്പിക്കല്, പുതിയ ചെടികള് നടീല് എന്നിങ്ങനെ 20 ലക്ഷം രൂപയുടെ നവീകരണ പ്രവര്ത്തനങ്ങളാണ് ആദ്യഘട്ടത്തില് ചെയ്തത്. പ്രമുഖ ശില്പി കെ.എസ്. രാധാകൃഷ്ണന് രൂപകല്പന ചെയ്ത ബഹുരൂപി ശില്പവും മനോഹരമാക്കിയിട്ടുണ്ട്.
അടുത്ത ഘട്ടം ഓപ്പണ് ജിം, കുട്ടികള്ക്കായി കൂടുതല് കളിപ്പാട്ടങ്ങള്, ഐസ്ക്രീം പാര്ലര്, സ്നാക്ക് കോര്ണര് തുടങ്ങിയ വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നടപ്പ് സാമ്പത്തികവര്ഷംതന്നെ 40 ലക്ഷം രൂപയുടെ വികസന പ്രവര്ത്തനങ്ങളിലൂടെ പാര്ക്കിനെ നവീകരിക്കാനാണ് പദ്ധതി. അതിനൊപ്പം സിഎസ്‌ആര് ഫണ്ടുകളും വിനിയോഗിക്കുമെന്നും ചെയര്പേഴ്സണ് എം.പി. സന്തോഷ്കുമാര് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവധിക്കാലം തുടങ്ങിയതോടെ വൈകുന്നേരങ്ങളില് കുട്ടികളുമായി കുടുംബസമേതം സായാഹ്നം ചെലവഴിക്കാനും ആളുകള് എത്തുന്നുണ്ട്.
രാവിലെ ആറുമുതല് ഒമ്പതുവരെ വ്യായാമത്തിന് എത്തുന്നവർ നിരവധിയാണ്. ഉച്ചകഴിഞ്ഞ് രണ്ടോടെ പാര്ക്ക് കുട്ടികള്ക്കും മുതിര്ന്നവര്ക്കുമായി തുറക്കും. രാത്രി ഒമ്പത് വരെയാണ് പ്രവര്ത്തനം.
20 രൂപയാണ് പ്രവേശന പാസിന്.
നഗരവാസികള്ക്ക് ഒത്തുകൂടുന്നതിനും സംസാരിച്ചിരിക്കുന്നതിനുമുള്ള ഒരു പൊതു ഇടമായി പാര്ക്കിനെ മാറ്റിയിരിക്കുകായാണെന്ന് നഗരസഭാ ചെയര്പേഴ്സണ് എം.പി. സന്തോഷ്കുമാര് പറഞ്ഞു.









