
കോട്ടയം വെള്ളൂരിൽ സുരക്ഷാ മുന്നറിയിപ്പില്ലാതെ തുറന്നുവെച്ച ഓടയിലേക്ക് സ്കൂട്ടർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
കോട്ടയം: വെള്ളൂര്‍- വെട്ടിക്കാട്ടുമുക്കിൽ മൂടിയില്ലാത്ത ഓടയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം. വെള്ളൂര്‍ തറേപ്പറമ്പില്‍ സുധീഷ് (37) ആണ് മരിച്ചത്.
കലുങ്ക്പണിക്കായി സുരക്ഷാ മുന്നറിയിപ്പില്ലാതെ തുറന്നുവച്ച ഓടയിലേക്ക് സ്കൂട്ടര്‍ മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സുധീഷ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. റോഡിലെ ഓടയാണ് അപകടക്കെണിയായത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്. ഭാര്യയ്ക്കും മകനുമൊപ്പം കോട്ടയം മെഡിക്കല്‍ കോളജില്‍ പോയി തിരികെ വരുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെട്ടിക്കാട്ടുമുക്കില്‍ നിന്ന് വെള്ളൂരിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ ഭാര്യയേയും മകനേയും കയറ്റിവിട്ടു. തുടര്‍ന്ന് സ്കൂട്ടറില്‍ വീട്ടിലേക്ക് വരുന്ന വഴി പാരായി കലുങ്കിനും ആറാട്ടുമണപ്പുറത്തിനും ഇടയില്‍ നിര്‍മാണത്തിലിരിക്കുന്ന കലുങ്കിന് സമീപമുള്ള ഓടയിലേക്ക് സ്കൂട്ടര്‍ മറിയുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരിക്കുകയായിരുന്നു. അനുഷയാണ് ഭാര്യ. കാശിനാഥന്‍ മകനാണ്.