വോട്ടർപട്ടികയ്ക്കു മുന്നിൽ കൊവിഡും തോറ്റുപോകും: കോട്ടയം നഗരസഭയുടെ ഓഫിസുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിക്കും തിരക്കും; ചോദിക്കാനും പറയാനും ആരുമില്ലാതെ നഗരസഭ ഓഫിസുകൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ എത്തുന്നവരുണ്ടാക്കുന്ന തിക്കിനും തിരക്കിനും മുന്നിൽ കോട്ടയം നഗരസഭയുടെ ഓഫിസുകളിൽ കൊവിഡ് തോറ്റോടി..! നാട്ടകം, തിരുവാതുക്കൽ, കുമാരനല്ലൂർ സോണൽ ഓഫിസുകളിലാണ് വോട്ടർ പട്ടികയുടെ ഹിയറിംങിന് എത്തുന്നവരെയും, ഇവർക്കൊപ്പം എത്തുന്നവരെയും കൊണ്ട് നിറഞ്ഞിരിക്കുന്നത്. എല്ലാ ഓഫിസുകളിലും ആളുകൾ കൂടുതലായി എത്തിയെങ്കിലും ഇവിടെയൊന്നും കൊവിഡ് നിയന്ത്രണങ്ങൾ ഒന്നും പാലിക്കപ്പെടുന്നില്ലെന്നു പരാതിയുണ്ട്.

നഗരസഭയുടെ ഓഫിസുകളിൽ എത്തുന്ന ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം, ഇവരുടെ വാർഡും പേരും അടക്കം രേഖപ്പെടുത്തിയ ശേഷമാണ് കയറ്റി വിടുന്നത്. എന്നാൽ, ഉള്ളിൽ കയറിക്കഴിഞ്ഞാൽ ആളുകളുടെ തോന്ന്യവാസമാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ ദിവസം നാട്ടകം സോണൽ ഓഫിസിൽ തിങ്ങി നിറഞ്ഞാണ് ആളുകൾ നിന്നത്. ഇവിടെ വരാന്തയിൽ മുഴുവനും ആളുകളുണ്ടായിരുന്നു.

അഞ്ചു പേരിൽ കൂടുതൽ ഉള്ളിൽ പ്രവേശിക്കരുതെന്നും കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്നും എഴുതി വച്ചിരുന്ന ഓഫിസിനുള്ളിലാണ് ഇത്തരത്തിൽ ആളുകൾ കയറിയിറങ്ങിയതെന്നതാണ് ഏറെ വിരോധാഭാസം. നാട്ടകം സോണിനെ കൂടാതെ കുമാരനല്ലൂർ, തിരുവാതുക്കൽ സോണൽ ഓഫിസുകളിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. കോട്ടയം നഗരസഭയിലെ 52 വാർഡുകളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥരാണ് നഗരസഭയിലുള്ളത്്. ഇവരുടെ കൺമുന്നിലാണ് ഇത്തരത്തിൽ വൻ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം അരങ്ങേറുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭ ഓഫിസിനു മുന്നിലെ കൗണ്ടറിൽ ആളുകളുടെ പേരുകൾ എഴുതി വയ്ക്കുന്നുണ്ട്. അഞ്ചു പേരെ മാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി ഒരു സമയം ഓഫിസിനുള്ളിലേയ്ക്കു കയറ്റി വിടൂ എന്നു തീരുമാനിച്ചാൽ മതിയാകും. എന്നാൽ, ഉദ്യോഗസ്ഥ വിഭാഗം ഇതിനു തയ്യാറാകാതെ കൃത്യമായ പദ്ധതിയില്ലാതെ ആളുകളെ മുഴുവൻ ഒന്നിച്ച് ഓഫിസിനുള്ളിലേയ്ക്കു കയറ്റി വിടുന്നതാണ് പ്രശ്‌നങ്ങൾക്കു കാരണമാകുന്നത്.