കോട്ടയം-കുമളി ദേശീയപാതയില്‍ ചാമപ്പാറ വളവില്‍ മിനിബസ് കുഴിയിലേക്കു മറിഞ്ഞ് അപകടം; 23 പേര്‍ക്കു പരിക്കേറ്റു; തേക്കടി സന്ദര്‍ശിച്ച ശേഷം തിരികെ വന്ന വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്
സ്വന്തം ലേഖകൻ
കോട്ടയം: കുമളി ദേശീയപാതയില്‍ ചാമപ്പാറ വളവില്‍ മിനിബസ് കുഴിയിലേക്കു മറിഞ്ഞ് 23 പേര്‍ക്കു പരിക്കേറ്റു. തേക്കടി സന്ദര്‍ശിച്ച ശേഷം തിരികെ വന്ന വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. തിരുവനന്തപുരത്തേക്കു പോകും വഴിയാണ് അപകടം.
മുംബൈയില്‍ താമസക്കാരായ സ്മിത, കിഷോര്‍, ക്രിസ്ത്യന്‍ രാജ്, അര്‍ജുന്‍, അല്‍ക്ക ജോപ്പി, ഭൂഭേന്ദ്ര പാട്ടില്‍, സുശാന്ത്, സംഗീത, ശ്രുതി എന്നിവരെ പരിക്കുകളോടെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും മിനാല്‍, മനോഹര്‍ പാട്ടീല്‍, ജയശ്രീ പാട്ടീല്‍, രാജേന്ദ്ര പാട്ടീല്‍, നന്ദ പാട്ടീല്‍ എന്നിവരടക്കം 12 പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നുപേര്‍ക്കു തലയ്ക്കു പരിക്കേറ്റിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചാമപ്പാറ വളവില്‍ കൂട്ടിയിട്ടിരുന്ന കല്ലുകളില്‍ ഇടിച്ചു ബസ് താഴേക്കു മറിയുകയായിരുന്നു. സമീപത്തെ തെങ്ങില്‍ ബസ് തടഞ്ഞുനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൊക്കയിലേക്കു മറിഞ്ഞ മിനി ബസ് 50 അടിയോളം താഴ്ചയില്‍ തെങ്ങില്‍ തട്ടി നിന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. വാഹനത്തില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പെരുവന്താനം പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.