
രാജ്യത്ത് നിലവിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചാലും ഇന്ധന വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ. പശ്ചിമ ബംഗാളിൽ നാളെ നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെയാണ് വാഗ്ദാനം അറിയിച്ച് സർക്കാർ രംഗത്തെത്തിയത്. പെട്രോളിയം-പ്രകൃതി വാതക ജോയിന്റ് സെക്രട്ടറി സുജാത ശർമയാണ് ഇന്ധന വില വർധിപ്പിക്കില്ലെന്ന് അറിയിച്ചത്. നിലവിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ നിയമസഭ തിരഞ്ഞെടുപ്പുകൾ അവസാനിച്ചാൽ രാജ്യത്ത് ഇന്ധന വില ഉയരുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് കണക്കിലെടുത്താണ് കേന്ദ്രം പ്രതികരിച്ചത്.
അതേസമയം രാജ്യത്ത് ഇന്ധന പ്രതിസന്ധി ഉണ്ടാവില്ലെന്നും സംസ്ഥാനങ്ങളുമായി ചേർന്ന് വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നുമാണ് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിൻ്റെ വിശദീകരണം. കൂടാതെ രാജ്യത്ത് ആവശ്യമായ പെട്രോൾ, ഡീസൽ, എൽപിജി, വ്യോമയാന ടർബൈൻ ഇന്ധനം എന്നിവയുടെ സ്റ്റോക്കുണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.






