മാതൃകകള്‍ സൃഷ്ടിച്ച കൊവിഡ് പ്രതിരോധം; ജില്ലാ കളക്ടര്‍ എം. അഞ്ജന സ്ഥാനമൊഴിയുന്നു
സ്വന്തം ലേഖകൻ
കോട്ടയം : കൊവിഡ് പ്രതിരോധം, ചികിത്സ, ബോധവത്കരണം എന്നിവയില്‍ വേറിട്ട മാതൃകകള്‍ സൃഷ്ടിച്ച ഒരു വര്‍ഷക്കാലത്തെ സേവനത്തിനുശേഷം കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന അടുത്തയാഴ്ച്ച ചുമതല ഒഴിയും. പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ പദവികളില്‍ നിയോഗിക്കപ്പെട്ടതിനെത്തുടര്‍ന്നാണിത്.
ജില്ലയുടെ 46-ാമത് കളക്ടറായി 2020 ജൂണ്‍ മൂന്നിന് ചുമതലയേറ്റ എം. അഞ്ജന കൊവിഡ് ചികിത്സയ്ക്കും പരിചരണത്തിനും വിപുലമായ സൗകര്യങ്ങള്‍ സജ്ജമാക്കുകയും രണ്ടാം തരംഗത്തെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കുകയും ചെയ്തശേഷമാണ് മടങ്ങുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കാലയളവില്‍ ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്കും കൊവിഡ് സാഹചര്യത്തില്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്നവര്‍ക്കും പിന്തുണ നല്‍കുന്നതിനായി നടപ്പാക്കിയ പ്രത്യേക കാമ്പയിനുകള്‍ ഏറെ ശ്രദ്ധ നേടി.
കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജില്ലയില്‍ എല്ലാ കേന്ദ്രങ്ങളിലും ഒരുക്കാന്‍ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കഴിഞ്ഞു. വ്യവസായ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ട്, എം.പി-എം.എല്‍.എ ഫണ്ടുകള്‍, സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് എന്നിവ ഇതിനായി പ്രയോജനപ്പെടുത്തി.
എല്ലാ പഞ്ചായത്തുകളിലും ഡൊാമിസിലിയറി കെയര്‍ സെന്ററുകളും ബ്ലോക്ക് തലത്തില്‍ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളും താലൂക്ക് തലത്തില്‍ സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളും ഒരുക്കി. എല്ലാ സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലും കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനം ഒരുക്കിയതിലൂടെ ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ നിറച്ച് എത്തിക്കേണ്ട സാഹചര്യം ഒഴിവാക്കാനായി.
നിലവില്‍ കൊവിഡ് ആശുപത്രികളിലും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലുമായി ജില്ലയില്‍ 6825 കോവിഡ് കിടക്കളാണുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ നിലവില്‍ 1100 ഓക്‌സിജന്‍ കിടക്കകള്‍ സജ്ജീകരിക്കാനായത് ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് നേട്ടമായി.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പാലാ ജനറല്‍ ആശുപത്രിയിലും പി.എം. കെയര്‍ മുഖേന ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു. ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുന്നു. എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് കോട്ടയം ജനറല്‍ ആശുപത്രിയിലും വൈക്കം താലൂക്ക് ആശുപത്രിയിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ ഒരുക്കി. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എം.എല്‍.എ ഫണ്ട് വിനിയോഗിച്ചുള്ള പ്ലാന്റിന്റെ നിര്‍മാണം നടന്നുവരുന്നു.
ഗാന്ധിനഗര്‍ കുട്ടികളുടെ ആശുപത്രിയില്‍ ഒക്‌സിജന്‍ പ്ലാന്റും 24 ഐ.സി.യു കിടക്കകളും 40 ഓക്‌സിജന്‍ കിടക്കകളും സജ്ജമായി വരുന്നു. വൈക്കം അമ്മയും കുഞ്ഞും ആശുപത്രിയില്‍ ദുരന്തനിവാരണ നിധിയില്‍നിന്നും ഒരു കോടി രൂപ ചിലവിട്ടുള്ള പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുന്നു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു.
വീട്ടില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററുകളില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഒരുക്കി.
സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെയുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഓക്‌സിജന്‍ വാര്‍ റൂം സജ്ജമാക്കിയതിനൊപ്പം സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ സൗകര്യങ്ങളുടെ തത്സമയ വിവരം ലഭ്യമാക്കുന്നതിന് കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ പ്രത്യേക കണ്‍ട്രോള്‍ റൂമും തുറന്നു.
കൊവിഡ് രോഗികള്‍, സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍, ക്വാറന്റയിനില്‍ ഇരിക്കുന്നവര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഇത് വിശകലനം ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമുള്ള ഡി.എം.എസ് ആപ്ലിക്കേഷനും വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് രണ്ടാം ഡോസ് സ്വീകരിക്കേണ്ടവര്‍ക്ക് മൊബൈലിലേക്ക് നേരിട്ട് സന്ദേശങ്ങള്‍ അയയ്ക്കുന്നതിനുള്ള സംവിധാനവും ജില്ലയില്‍ വികസിപ്പിച്ചതാണ്.
2020ലെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെയും 2021 ഏപ്രിലില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെയും നടപടികള്‍ കാര്യക്ഷമമായി ഏകോപിപ്പിച്ച കളക്ടര്‍ 2020ലെ കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി.
ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ വിപുലമായ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ കളക്ടറേറ്റില്‍ സജ്ജമാക്കാനും കഴിഞ്ഞു.
എല്ലാ വിഭാഗം ആളുകളുടെയും സഹകരണമാണ് കൊവിഡ് പ്രതിരോധവും ചികിത്സാ സംവിധാനവും കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സഹായകമായതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് പൊതുജനങ്ങളും വ്യാപാരികളും വിവിധ സമൂദായ പ്രതിനിധികളും വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ജാഗ്രത കാട്ടി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളുമൊക്കെ ഇപ്പോഴും സേവനത്തില്‍ സജീവമാണ്.
ജില്ലയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഒരു ഘട്ടത്തില്‍ ഗണ്യമായി താഴ്‌ന്നെങ്കിലും രോഗവ്യാപനം ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. അതുകൊണ്ടുതന്നെ ജാഗ്രത തുടരേണ്ടത് അനിവാര്യമാണ്. അധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനപ്പുറം ഓരോരുത്തരും സ്വയം നിയന്ത്രിക്കാനും ജാഗ്രത പാലിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
ഇതുവരെ 932115 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ലഭ്യതയനുസരിച്ച് എല്ലാവര്‍ക്കും നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്-കളക്ടര്‍ പറഞ്ഞു.