play-sharp-fill
കൊറോണ വൈറസ് ബാധ: ജില്ലയില്‍ 89 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍: രോഗലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിൽ നേരിട്ട് എത്തരുത്

കൊറോണ വൈറസ് ബാധ: ജില്ലയില്‍ 89 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍: രോഗലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിൽ നേരിട്ട് എത്തരുത്

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ വൈറസ് ബാധിത മേഖലകളില്‍നിന്ന് വന്നവരും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളും ഉള്‍പ്പെടെ എട്ടുപേര്‍കൂടി ജില്ലയില്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശപ്രകാരം വീടുകളില്‍ ജനസമ്പര്‍ക്കം ഒഴിവാക്കി താമസിച്ചുതുടങ്ങി. ആകെ 89 പേരാണ് ഇപ്പോള്‍ ഇങ്ങനെ വീടുകളില്‍ കഴിയുന്നത്. ഇവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടോ എന്ന് ആരോഗ്യ വകുപ്പ് എല്ലാ ദിവസവും നിരീക്ഷിക്കുന്നുണ്ട്.


രോഗലക്ഷണങ്ങളുമായി ബുധനാഴ്ച ആരെയും ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ല. ആദ്യ ഘട്ട സാമ്പിള്‍ പരിശോധനയില്‍ വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കാത്ത രണ്ടു പേര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗബാധിത മേഖലകളില്‍നിന്നെത്തിയ നാലു പേരുടെ സാമ്പിളുകള്‍കൂടി പരിശോധനയ്ക്കയച്ചിട്ടുണ്ട്. വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളില്ലാത്തതിനാല്‍ വീടുകളില്‍ കഴിയാനാണ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

വൈറസ് ബാധയുള്ളവര്‍ നേരിട്ട് ആശുപത്രിയില്‍ എത്തുന്നത് കൂടുതല്‍ പേര്‍ക്ക് രോഗം പകരുന്നതിന് ഇടയാക്കും. രോഗലക്ഷണങ്ങളുള്ളവര്‍ 1077 എന്ന ഫോണ്‍ നമ്പരില്‍ വിവരം നല്‍കിയാല്‍ ആരോഗ്യവകുപ്പ് ആവശ്യമായ നിര്‍ദേശങ്ങളും വാഹന സൗകര്യവും വൈദ്യസഹായവും ലഭ്യമാക്കും.

ജില്ലയിലെ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കായി ആരോഗ്യവകുപ്പ് കൊറോണ
പ്രതിരോധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഐ.എം.എ ഹാളില്‍ നടന്ന പരിപാടിയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ.എ. ശോഭ ക്ലാസ് നയിച്ചു. 73 ഡോക്ടര്‍മാര്‍ പങ്കെടുത്തു.

ആയുര്‍വേദ ആശുപത്രികളില്‍ ഓ.പി വിഭാഗത്തിലെത്തുന്ന രോഗികളുടെ
യാത്രാവിവരങ്ങള്‍ ചോദിച്ചറിഞ്ഞ് രോഗബാധിത മേഖലകളില്‍നിന്ന് വന്നവരാണെങ്കില്‍ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കി.

വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായുള്ള ബോധവത്കരണ പരിപാടി വ്യാഴാഴ്ച കവണാറ്റിന്‍കരയിലെ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടക്കും. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയായ ഡോ. പി.എസ്. രാകേഷ് നേതൃത്വം നല്‍കും. ഹോട്ടല്‍, റസ്റ്റോറന്‍റ്, ഹോം സ്റ്റേ, ഹൗസ്ബോട്ട്, ശിക്കാര ബോട്ട് ഉടമകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ടാക്സി ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലയിലെ 216 ആശാ വര്‍ക്കര്‍മാര്‍ക്കും ആരോഗ്യ വകുപ്പിന്‍റെ 618 ഫീല്‍ഡ് ജീവനക്കാര്‍ക്കും കൊറോണ പ്രതിരോധ മുന്‍കരുതലുമായി ബന്ധപ്പെട്ട പരിശീലനം നല്‍കിയിട്ടുണ്ട്.