റെക്കോർഡുകളുടെ രാജാവായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി
സ്വന്തം ലേഖകൻ
ഹാമിൽട്ടൺ: റെക്കോർഡുകളുടെ രാജാവായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി . ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ നായകന്മരുടെ പട്ടികയിൽ കോഹ്ലി മുൻ നായകൻ സൗരവ് ഗാംഗുലിയെ മറികടന്നു. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിലാണ് കോഹ്ലി പുതിയ റെക്കോർഡ് സ്വന്തമാക്കിയത്.
ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും അർധസെഞ്ചുറി ഇന്നിങ്‌സുമായി ഇന്ത്യൻ സ്‌കോറിങ്ങിൽ നിർണായക പങ്കുവഹിക്കാൻ കോഹ്ലിയ്ക്ക് സാധിച്ചു. 63 പന്തിൽ 51 റൺസാണ് ഹാമിൽട്ടണിൽ കോഹ്ലി കിവികൾക്കെതിരെ അടിച്ചെടുത്തത്. ഇതോടെ നായകന്റെ കുപ്പായത്തിൽ കോഹ്ലിയുടെ റൺസമ്പാദ്യം 5123 ആയി. നായകനായി സൗരവ് ഗാംഗുലി ഏകദിനത്തിൽ സ്വന്തമാക്കിയത് 5082 റൺസായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിവുപോലെ റെക്കോർഡ് വേഗത്തിലാണ് ഈ റെക്കോർഡും കോഹ്ലി കൈപ്പിടിയിലാക്കിയത്. 148 ഏകദിനത്തിൽ നിന്നാണ് ഗാംഗുലി 5082 റൺസ് സ്വന്തമാക്കിയതെങ്കിൽ കോഹ്ലിക്ക് അത് മറികടക്കാൻ വേണ്ടി വന്നത് കേവലം 87 മത്സരങ്ങളാണ്. 76.46 ശരാശരിയിലാണ് കോഹ്ലിയുടെ സ്‌കോറിങ്. ഇതിനോടകം തന്നെ 21 സെഞ്ചുറികളും 23 അർധസെഞ്ചുറികളും കോഹ്ലി സ്വന്തമാക്കി.