Spread the love

കോട്ടയം: കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് മൂന്നാണ്ട് പിന്നിടുകയാണ്. തകർന്ന വീടുകള്‍ക്കു പകരം വീടും നഷ്ടപരിഹാര തുകയും ഭൂരിഭാഗവും ആളുകള്‍ക്കും ലഭിച്ചു. എന്നാല്‍, തകർന്ന പാലങ്ങളുടെ നിർമാണം നടക്കാത്തത് ജനങ്ങളെ വലയ്ക്കുകയാണ്. 2021 ഒക്ടോബറിലായിരുന്നു നാടിനെ നടുക്കിയ ആ ദുരന്തമുണ്ടായത്.

video
play-sharp-fill

ഒക്ടോബർ 16ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും തൊട്ടടുത്ത് ഇടുക്കി ജില്ലയിലെ കൊക്കയാറും ഉരുള്‍പൊട്ടല്‍ നാശം വിതയ്ക്കുകയായിരുന്നു. ഒരു കുടുംബത്തിലെ ആറുപേർ ഉള്‍പ്പെടെ 21 പേർക്ക് ജീവൻ നഷ്ടമായി. ആ ദുരന്തത്തിന്‍റെ ഞെട്ടലില്‍നിന്നും ഇവിടത്തെ നാട്ടുകാർ ഇതുവരെയും മോചിതരായിട്ടില്ല. എല്ലാം തകർത്തെറിഞ്ഞ ദുരിതക്കയത്തില്‍നിന്നു പതുക്കെ കരകയറുകയാണ് കൂട്ടിക്കല്‍.

കണ്ണീരിന്റെ ഇരുണ്ട കാലം നീങ്ങി. കൂട്ടിക്കലില്‍ 20 കുടുംബങ്ങള്‍ക്ക് സർക്കാർ 10 ലക്ഷം രൂപ മുടക്കി വീടുകള്‍ നിർമിച്ചുനല്‍കി. ഭാഗിക നാശനഷ്ടങ്ങള്‍ ഉണ്ടായവർക്ക് നാല് ലക്ഷം രൂപ വീതവും ലഭിച്ചു. ദുരന്തദിനം ഓർക്കുമ്പോള്‍ പ്ലാപ്പള്ളിയിലെ ഉരുള്‍പൊട്ടലില്‍ ഭാര്യയെയും അയല്‍വാസികളായ മൂന്നുപേരെയും നഷ്ടമായ മോഹനന്റെ വാക്കുകള്‍ ഇടറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി കുടുംബങ്ങള്‍ ഉരുള്‍പൊട്ടലിനുശേഷം ഇവിടെനിന്നു പലായനം ചെയ്തു. സഹായങ്ങള്‍ ഒരുക്കി ഒരുപാട് വ്യക്തികളും സംഘടനകളും കൂട്ടിക്കലിനായി കൈകോർത്തു. സന്നദ്ധസംഘടനകളും രാഷ്ട്രീയ പാർട്ടികളും വീടുകള്‍ നിർമിച്ചുനല്‍കി. എന്നാല്‍, ഉരുള്‍പൊട്ടല്‍ തകർത്ത പാലങ്ങളുടെ നിർമാണം എങ്ങുമെത്തിയില്ല.

തകർന്ന എന്തയാർ പാലവും പൊളിച്ച ഇളംകാട് പാലവും ജനങ്ങള്‍ക്ക് ഇന്നും ദുരിതമാണ്. രണ്ടിടത്തും നടപ്പാലങ്ങള്‍ നിർമിച്ചെങ്കിലും വാഹനയാത്രയ്ക്ക് കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. ഇളംകാട് പാലം റീ എസ്റ്റിമേറ്റ് നടത്തി നിർമാണം ഉടൻ തുടങ്ങുമെന്ന് എം.എല്‍.എ സെബാസ്റ്റ്യൻ കുളത്തിങ്കല്‍ വ്യക്തമാക്കി.

കഴിഞ്ഞ മാർച്ചില്‍ പാലം നിർമാണം തുടങ്ങിയിട്ടുണ്ടെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം തന്നെ പാലങ്ങള്‍ തുറന്നുകൊടുക്കാമെന്ന പ്രതീക്ഷയാണു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കുവയ്ക്കുന്നത്. വീടുകള്‍ നിർമിച്ചു നല്‍കുന്നതിലും നഷ്ടപരിഹാരം നല്‍കുന്നതിലും സർക്കാർ മാതൃകപരമായ ഇടപെടല്‍ നടത്തിയെന്നതു പ്രശംസനീയമാണ്. എന്നാല്‍, തകർന്ന പാലങ്ങളുടെ പുനര്‍നിര്‍മാണം അടക്കമുള്ളവ കൂടി പൂർത്തിയായെങ്കില്‍ മാത്രമേ പുനരധിവാസം പൂർത്തിയാകൂ.