
കൊല്ലം: തെന്മല പഞ്ചായത്തിലെ പുനർജനി അഭയകേന്ദ്രത്തിൽ വയോധികർ ക്രൂര പീഡനത്തിനിരയായ സംഭവത്തിൽ ശക്തമായ പ്രതികരണവുമായി വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. അഭയകേന്ദ്രത്തിൽ നടന്നത് ഒരിക്കലും അനുവദിക്കാനാവാത്ത സംഭവമാണെന്നും ഇത്തരം സ്ഥാപനങ്ങൾ കർശന പരിശോധനകൾക്ക് വിധേയമാക്കണമെന്നും മന്ത്രി പറഞ്ഞു. സ്ഥാപനം സർക്കാർ നിരീക്ഷണത്തിന് കീഴിൽ കൊണ്ടുവരുകയും അന്തേവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
വയോധികരുടെ അവശതകൾ മുതലെടുത്ത് അവരെ ഉപദ്രവിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വയോജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അവരുടെ പ്രശ്നങ്ങൾക്ക് കൂടുതൽ ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പുനർജനി അഭയകേന്ദ്രത്തിന്റെ ഉടമ അഞ്ചൽ സ്വദേശി ബ്രഹ്മദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിർബന്ധിച്ച് മദ്യം നൽകുകയും വിസമ്മതിച്ചാൽ മർദിക്കുകയും ചെയ്തിരുന്നുവെന്നാണ് വയോധികരുടെ പരാതി. സ്ഥാപനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അന്തേവാസികൾ നാട്ടുകാരെ വിവരം അറിയിച്ചതോടെയാണ് ക്രൂര പീഡനത്തിന്റെ വിവരം പുറത്തറിയുന്നത്. 12 പേരാണ് അഭയകേന്ദ്രത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







