
കൊല്ലം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്ന രണ്ട് പേർ സമയോചിതമായി പുറത്തിറങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ കുഴിമതിക്കാട് ജംഗ്ഷന് സമീപമായിരുന്നു സംഭവം.
കുന്നത്തൂർ ഈസ്റ്റ് പൂത്തൂരംവീട്ടിൽ ജി. മനുവിന്റെ കാറാണ് തീപിടിച്ച് നശിച്ചത്. മനുവും സഹോദരിയും അംബിപൊയ്ക–കുഴിമതിക്കാട് റോഡ് വഴി കരീപ്ര ഭാഗത്തേക്ക് സഞ്ചരിക്കുമ്പോഴാണ് കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഇരുവരും വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് കുണ്ടറയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേന തീയണച്ചു. എന്നാൽ ഇതിനോടകം കാർ പൂർണമായും കത്തി നശിച്ചിരുന്നു. ബാറ്ററിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group







