എന്റെ കൈവശം ആളുണ്ട്, അവരുമായി വന്ന് പരസ്യമായി നിന്റെ അമ്മയെ ബലാത്സംഗം ചെയ്യുമെന്ന് കൊച്ചുമോൻ മകനോട് പറഞ്ഞു ; പിതാവിന്റെ വാക്കുകളിൽ മനംനൊന്ത് കൊല നടത്തിയത് മകനും കൂട്ടുകാരും : ആക്രമണത്തിനിടെ കഴുത്തിനേറ്റ മുറിവ് മരണകാരണമായി ; ഇലന്തൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണത്തിൽ മകനടക്കം ഏഴുപേർ പൊലീസ് പിടിയിൽ

എന്റെ കൈവശം ആളുണ്ട്, അവരുമായി വന്ന് പരസ്യമായി നിന്റെ അമ്മയെ ബലാത്സംഗം ചെയ്യുമെന്ന് കൊച്ചുമോൻ മകനോട് പറഞ്ഞു ; പിതാവിന്റെ വാക്കുകളിൽ മനംനൊന്ത് കൊല നടത്തിയത് മകനും കൂട്ടുകാരും : ആക്രമണത്തിനിടെ കഴുത്തിനേറ്റ മുറിവ് മരണകാരണമായി ; ഇലന്തൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണത്തിൽ മകനടക്കം ഏഴുപേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

പത്തനംതിട്ട: ഇലന്തൂരിലെ മധ്യവയ്‌സകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകടനക്കം ഏഴുപേർ പൊലീസ് പിടിയിൽ. ഓട്ടോറിക്ഷ ഡ്രൈവറായ കൊലപാതകം മകനും സുഹൃത്തിന്റെ പിതാവും ചേർന്ന് നൽകിയ ക്വട്ടേഷൻ ആയിരുന്നു. അറസ്റ്റിലായവരിൽ ഒരാളൊഴികെ എല്ലാവരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്.

ഇലന്തൂർ ഈസ്റ്റ് ഭഗവതിക്കുന്ന് ക്ഷേത്രത്തിന് സമീപം പൂവപ്പള്ളിൽ കിഴക്കേഭാഗത്ത് ഏബ്രഹാം കെ. ഇട്ടി (കൊച്ചുമോൻ52) കൊല്ലപ്പെട്ട കേസിൽ മകൻ റെബിൻ(20), പ്രകാശ് കുമാർ (47), അമ്പു(38), ഷാജി ചാക്കോ(52), സുജിത്ത് (39), വർഗീസ് ചെറിയാൻ (രാജൻ55), അച്ചു വർഗീസ് (20) എന്നിവരാണ് അറസ്റ്റിലായത്. അമ്പുവാണ് കൊച്ചുമോനെ കൊലപ്പെടുത്തിയത്.

കുടുംബ വഴക്കിനെ തുടർന്ന് കൊച്ചുമോനുമായി പിണങ്ങി ഭാര്യ ആശയും മക്കളും. ആശയും മക്കളായ റെബിനും രേഷ്മയും നാലാം പ്രതി ഷാജി ചാക്കോയുടെ വീട്ടിലാണ് ഏഴു മാസമായി താമസിച്ചിരുന്നത്.

രണ്ടു വർഷം മുൻപ് കൊച്ചുമോൻ ഭാര്യയെയും മക്കളെയും വീട്ടിൽ നിന്ന് അടിച്ചിറക്കി വിട്ടതാണ്. ആദ്യം ഇവർ തണ്ണിത്തോട്ടിലുള്ള സ്വന്തം വീട്ടിലേക്ക് പോവുകയും പിന്നീട് ചെങ്ങന്നൂരിലുള്ള സഹോദരിയുടെ വീട്ടിലും താമസിച്ചിരുന്നു.

കൊച്ചുമോന്റെ വീടിനുള്ളിൽ തിരിച്ചു കയറാനുള്ള അവകാശം കോടതിയിൽ നിന്ന് ഭാര്യയും മക്കളും നേടിയിരുന്നു. എന്നാൽ ഇവരെ വീട്ടിൽ കയറ്റാൻ കൊച്ചുമോൻ തയാറാകാതെ വരികെയായിരുന്നു.

കൊലപാതകം നടക്കുന്നതിന് രണ്ടു ദിവസം മുൻപ് കൊച്ചുമോൻ മകനെ വിളിച്ച് തന്റെ കൈവശം ആളുണ്ടെന്നും അവരുമായി വന്ന് നിന്റെ അമ്മയെ പരസ്യമായി ബലാൽസംഗം ചെയ്യുമെന്നുമായിരുന്നു കൊച്ചുമോൻ മകനോട് പറഞ്ഞത്. പിതാവിന്റെ വാക്കുകൾ റെബിന് താങ്ങാവുന്നതിൽ അധികമായിരുന്നു. എന്നാൽ ഇവരുടെ കുടുംബ പ്രശ്‌നം നന്നായി അറിയാവുന്ന ഷാജിയോട് റെബിൻ വിവരം ധരിപ്പിക്കുകയും ഇതിങ്ങനെ വിട്ടാൽ പറ്റില്ലെന്നും കൊച്ചുമോന് അടി കൊടുക്കണമെന്നും തന്റെ കൈവശം ആളുണ്ടെന്നും ഷാജി പറയുകയുമായിരുന്നു.

കൊച്ചുമോന്റെ കൈയും കാലും തല്ലിയൊടിക്കാനായിരുന്നു തീരുമാനം. ഇതിനായി പ്രകാശിന്റെ സഹായം ഷാജി തേടി. വ്യാഴാഴ്ച വൈകിട്ട് മദ്യലഹരിയിലായിരുന്ന ഷാജി ചാക്കോ കൊച്ചുമോനെ അടിക്കാൻ പോകാമെന്ന് അറിയിക്കുകയായിരുന്നു.

ഇതിനായി സുഹൃത്തുക്കളായ പ്രകാശ്, സുജിത്ത്, വർഗീസ് ചെറിയാൻ എന്നിവരെ വിളിച്ചു വരുത്തി. പ്രകാശ് സഹായത്തിന് അമ്പുവിനെയും വിളിച്ചു. അങ്ങനെ റെബിനെയും കൂട്ടി സംഘം കാറിൽ കൊച്ചുമോന്റെ വീട്ടിലെത്തി. ചെന്ന പാടേ പ്രതികൾ ഇരുമ്പു വടിയുമായി കൊച്ചുമോനെ ആക്രമിച്ചു.

വാക്കത്തിയുമായി കൊച്ചുമോൻ പ്രതിരോധിച്ചെങ്കിലും ഇരുമ്പു വടി കൊണ്ട് പ്രതികൾ കൈ അടിച്ചൊടിക്കുകയും ചെയ്തു. ഇതിനിടെ മുറിക്കുള്ളിലിരിക്കുന്ന രണ്ടു മൊബൈൽ ഫോണുകൾ അമ്പുവിന്റെ ശ്രദ്ധയിൽപ്പെട്ടു. സ്ഥിരം മോഷ്ടാവായ അമ്പു അത് കൈക്കലാക്കാൻ ശ്രമിച്ചു.

തടയാൻ നോക്കിയ കൊച്ചുമോനെ അടിച്ചു താഴയിട്ട് വലിച്ചിഴച്ച ശേഷം ഇരുമ്പു കൊണ്ടുള്ള പൈപ്പ് ഒടിച്ചെടുത്ത് അമ്പു അതു കൊണ്ട് കൊച്ചുമോന്റെ കഴുത്തിൽ അടിക്കുകയായിരുന്നു. ഒടിഞ്ഞിരുന്ന പൈപ്പിന്റെ കൂർത്ത ഭാഗം കഴുത്തിൽ തറഞ്ഞു കയറി രക്തം പ്രവഹിച്ചതോടെ സംഘം രക്ഷപ്പെടുകയുമായിരുന്നു.

രാത്രി തന്നെ റെബിൻ ഈ വിവരം കൊച്ചുമോന്റെ അയൽവാസിയും തന്റെ സുഹൃത്തുമായ അക്കു വർഗീസിനോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ കൊച്ചുമോൻ മരിച്ചോ എന്ന് പോയി നോക്കി വരാൻ അക്കുവിനെ റെബിൻ പറഞ്ഞു വിടുകയും ചെയ്തു. ഇതാണ് പ്രതികളിലേക്ക് എളുപ്പം എത്താൻ പൊലീസിന് തുണയായത്. സ്ഥലത്ത് വന്ന പൊലീസ് നായ ഓടിക്കയറിയത് അച്ചുവിന്റെ പണി നടക്കുന്ന വീട്ടിലേക്കും അവർ താമസിക്കുന്ന വീട്ടിലേക്കുമായിരുന്നു. അച്ചുവിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.

സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ ചെരുപ്പും അന്വേഷണത്തിൽ നിർണ്ണായകമായി. വീട്ടിൽക്കണ്ട കാല്പാടുകളും വിരലടയാളങ്ങളും ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളും പ്രതികളെ കണ്ടെത്തുന്നതിന് സഹായകമായി.

ജില്ലാ സ്‌പെഷൽബ്രാഞ്ച് ഡിവൈ.എസ്പി എംകെ സുൾഫിക്കർ, പത്തനംതിട്ട ഡിവൈ എസ്പി എ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരായ ബിനീഷ് ലാൽ, രാജേഷ്, മനോജ്, എസ്‌ഐ മാരായ സഞ്ജു ജോസഫ്, ബിജു കുമാർ, വിദ്യാധിരാജ, സന്തോഷ് കെ വർഗീസ്, ഷാജഹാൻ, നൗഷാദ്ഖാൻ,അനുരൂപ്, എഎസ്‌ഐ സവിരാജൻ, വിജയകുമാർ, സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ റാഫി, വിത്സൺ, അജികുമാർ സുജിത്, മിഥുൻ ജോസ്, ബിനു, ശ്രീരാജ്, ജയകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തിയത്.