
കൊച്ചി: നഗരത്തിലെ രാത്രികാല ആഘോഷങ്ങള്‍ക്കും ഡി.ജെ. പാർട്ടികള്‍ക്കും പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി.
നഗരത്തില്‍ ലഹരിമരുന്ന് കേസുകള്‍ വർധിക്കുന്നതും ക്രമസമാധാന പ്രശ്നങ്ങള്‍ പതിവായതും കണക്കിലെടുത്താണ് ഈ നീക്കം.
ബാറുകള്‍ അർധരാത്രി 12 മണി വരെ പ്രവർത്തിക്കാൻ അനുവാദമുണ്ടെങ്കിലും, ഡി.ജെ. പാർട്ടികള്‍ കൃത്യം 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്ന് പോലീസ് നിർദേശം നല്‍കി. ആഘോഷങ്ങള്‍ പുലർച്ചെ വരെ നീളുന്നതും അത് ഗുരുതരമായ സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.ഡി.എം.എ, മെത്താംഫെറ്റമിൻ, ഹെറോയിൻ തുടങ്ങിയ മാരക ലഹരിമരുന്നുകളുടെ വിപണനവും ഉപയോഗവും നഗരത്തില്‍ വൻതോതില്‍ വർധിച്ചിട്ടുണ്ട്. ലഹരിക്കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗം പേരും ഇത്തരം പാർട്ടികള്‍ക്കായാണ് ലഹരി എത്തിച്ചതെന്ന് മൊഴി നല്‍കുന്ന സാഹചര്യത്തില്‍, അന്വേഷണം ഡി.ജെ കേന്ദ്രങ്ങളിലേക്ക് നീളുകയാണ്.
അവധിക്കാലമായതിനാല്‍ പാർട്ടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നതും പാർട്ടികള്‍ക്ക് ശേഷം നഗരത്തിലൂടെയുള്ള അപകടകരമായ ബൈക്ക് റേസിംഗും പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
നിലവില്‍ നഗരത്തിലെ ഇരുപതോളം കേന്ദ്രങ്ങളില്‍ ഡി.ജെ. പാർട്ടികള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. ഇത്തരം ഇടങ്ങളില്‍ ബൗണ്‍സർമാർ പ്രായപരിധിയും തിരിച്ചറിയല്‍ രേഖകളും പരിശോധിക്കുന്നുണ്ടെങ്കിലും ലഹരിമരുന്നുകളുടെ സാന്നിധ്യം കണ്ടെത്താൻ ഇവർക്ക് സാധിക്കുന്നില്ല.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ പാർട്ടികളുമായി ബന്ധപ്പെട്ട് 50-ലധികം കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്.
പാർട്ടിക്കിടെയുണ്ടായ സംഘർഷങ്ങള്‍, കത്തിക്കുത്ത്, യുവതികളോടുള്ള അപമര്യാദയായ പെരുമാറ്റം, പാർട്ടികഴിഞ്ഞ് മടങ്ങുന്നവർ അപകടത്തില്‍പ്പെടുന്ന സാഹചര്യം എന്നിവയെല്ലാം കണക്കിലെടുത്താണ് ഷാഡോ പോലീസിന്റെ നിരീക്ഷണം ശക്തമാക്കാനും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനും തീരുമാനിച്ചത്.







