കുടുംബവഴക്കിനെ തുടർന്ന് ചങ്ങനാശേരിയിൽ യുവതിയെ നടുറോഡിൽ ഭർത്താവ് കഴുത്തറുത്തു:  ക്രൂരത നടത്തിയ ഭർത്താവ് രക്ഷപെട്ടു; യുവതി അപകടനില തരണം ചെയ്തു

കുടുംബവഴക്കിനെ തുടർന്ന് ചങ്ങനാശേരിയിൽ യുവതിയെ നടുറോഡിൽ ഭർത്താവ് കഴുത്തറുത്തു: ക്രൂരത നടത്തിയ ഭർത്താവ് രക്ഷപെട്ടു; യുവതി അപകടനില തരണം ചെയ്തു

Spread the love

അപ്‌സര കെ.സോമൻ

ചങ്ങനാശേരി: ചങ്ങനാശേരി കടമാഞ്ചിറയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിച്ചു. നടുറോഡിലൂടെ നടന്നു പോയ അംഗൻവാടി ഹെൽപ്പറായ യുവതിയെയാണ് ഭർത്താവ് കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിനു ശേഷം പ്രതിയായ ഭർത്താവ് ഓടി രക്ഷുപെട്ടു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ യുവതി അപകട നില തരണം ചെയ്തിട്ടുണ്ട്.

ബുധനാഴ്ച രാവിലെ ഒൻപതരയോടെ ചങ്ങനാശേരി കടമാഞ്ചിറ ഭാഗത്തായിരുന്നു സംഭവം. ചങ്ങനാശേരി പൊട്ടശേരി ഭാഗത്തു താമസിക്കുന്ന സിനി (35) യെ ഭർത്താവ് പ്രശോഭ് (35) ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുളിനാട്ട് കുന്നേൽ അംഗൻവാടിയിലെ ഹെൽപ്പറായ സിനി രാവിലെ ജോലിയ്ക്കായി പോകുകയായിരുന്നു. ഒൻപത് മണിയോടെയാണ് സിനി വീട്ടിൽ നിന്നും ഇറങ്ങിയത്. കടമാഞ്ചിറ ഭാഗത്ത് വച്ച് സിനിയുടെ എതിരെ നടന്നു വന്ന പ്രശോഭ്, കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് സിനിയുടെ കഴുത്തിൽ മുറിക്കുകയായിരുന്നു.

 

സംഭവത്തിനു ശേഷം പ്രശോഭ് സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടു. നാട്ടുകാർ ഓടിക്കൂടിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന സിനിയെയാണ് കണ്ടത്. തുടർന്ന് ഇവർ ചേർന്ന് സിനിയെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സിനി അപകട നില തരണം ചെയ്തിട്ടുണ്ട്. കഴുത്തിലെ പ്രധാന ഞരമ്പിന് മുറിവേറ്റ സിനിയെ അടിയന്തര ശസ്ത്രക്രിയക്കു വിധേയയാക്കി. അപകട നില തരണം ചെയ്ത ഇവരുമായി ചങ്ങനാശേരി സ്റ്റേഷനിലെ പൊലീസ്  സംസാരിച്ച് വിവരങ്ങൾ അറിഞ്ഞു.

വീഡിയോ ഗ്രാഫറായ പ്രശോഭും സിനിയും  തമ്മിൽ മാസങ്ങളായി വഴക്ക് നിലവിലുണ്ടായിരുന്നു. സ്ഥിരമായി മദ്യപിച്ചെത്തിയിരുന്ന പ്രശോഭ് സിനിയെ മർദിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത സിനി വീട്ടിൽ നിന്നും കുട്ടികളെയും കൂട്ടി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിൽ ക്ഷുഭിതനായിരുന്നു പ്രശോഭ്. നേരത്തെ അംഗൻവാടിയിൽ അടക്കം എത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇത്തിത്താനം പൊലീസിലും വനിതാ സെല്ലിലും സിനി പരാതിയും നൽകിയിരുന്നു.

സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തു. പ്രശോഭിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.