
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ഞെട്ടിക്കുന്ന തോല്‍വിയില്‍ തുറന്നുപറച്ചിലുമായി കേന്ദ്ര കമ്മറ്റി അംഗം കെ കെ ശൈലജ.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നേരിട്ടത് നിസ്സാര തോല്‍വിയല്ലെന്നും ശക്തികേന്ദ്രങ്ങളില്‍ പോലും വലിയ തിരിച്ചടിയുണ്ടായെന്നും കെ കെ ശൈലജ. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ശൈലീമാറ്റം അനിവാര്യമാണെന്നും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും പരിഹരിക്കാന്‍ ശ്രമം ഉണ്ടായില്ലെന്നും ‘ചിന്ത’യിലെ ലേഖനത്തില്‍ വിമര്‍ശിച്ചു.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെ തോല്‍വി പഠിക്കണം. ഉറച്ച് നിന്നവര്‍ പോലും ഇടതുപക്ഷത്ത് നിന്ന് മാറി. പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും പരിഹരിക്കാന്‍ ശ്രമം ഉണ്ടായില്ല. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ശൈലീമാറ്റം അനിവാര്യമാണ്. ഭാഷാശൈലിയും പെരുമാറ്റവും ജീവിത രീതിയും പരിശോധിക്കണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു. ‘ചിന്ത’യിലെ ലേഖനത്തിലാണ് കെ കെ ശൈലജയുടെ തുറന്നുപറച്ചില്‍.
‘തിരിച്ചുവരവ് അനിവാര്യമാണ്’ എന്ന പേരിലാണ് ശൈലജയുടെ ലേഖനം. എല്‍ഡിഎഫിന് 99 സീറ്റില്‍ നിന്ന് 35ലേക്ക് ചുരുങ്ങേണ്ടിവന്നു. പല ഘടക കക്ഷികള്‍ക്കും ഒരു സീറ്റ് പോലും ലഭ്യമായില്ല. അവര്‍ക്കെല്ലാം പഴയ സ്ഥിതി വീണ്ടെടുക്കാന്‍ കഴിയണം. ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൌരവതരമായ കാര്യമാണെന്നും ലേഖനത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടി ഉത്കണ്ഠയുണ്ടാക്കുന്ന വ്യതിയാനമാണ്. പ്രശ്‌നങ്ങള്‍ യഥാസമയം പരിഹരിച്ചില്ലെന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്.
സിപിഎമ്മിന് അടുത്ത കാലത്തുണ്ടായ സംഘടനാ ദൗര്‍ബല്യം മുതലുള്ള കാര്യങ്ങള്‍ അട്ടമിട്ട് നിരത്തിക്കൊണ്ടാണ് ശൈലജയുടെ ലേഖനം. തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഗൗരവമായി കാണേണ്ടതുണ്ട്. സമരം നടത്തുന്നതിന് ജനങ്ങളെ അണിനിരത്തുന്നതിന് സഹായകമായ രീതിയില്‍ പ്രാദേശികമായും മുകള്‍ത്തട്ടിലും അതിശക്തമായ സംഘടനാ പ്രവര്‍ത്തനം ചിട്ടയോടെ നടത്തണം. പാര്‍ട്ടി ബ്രാഞ്ചുകള്‍, ലോക്കല്‍ കമ്മിറ്റികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം അല്‍പ്പം പിന്നാക്കാവസ്ഥയിലായിട്ടുണ്ട്. വര്‍ഗസമരത്തിലുള്ള ഊന്നലും അതിനെ പ്രോത്സാഹിപ്പിക്കുന്ന സംഘടനാചിട്ടയും ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്നും അവര്‍ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രവര്‍ത്തകരുടെയും നേതാക്കളുടേയുമെല്ലാം പെരുമാറ്റവും ഭാഷാശൈലിയും ജീവിതരീതിയും പരിശോധിക്കുകയും തെറ്റുകള്‍ സംഭവിച്ചെങ്കില്‍ തിരുത്തുകയും വേണം. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോര്‍ച്ച പരിശോധിക്കണം. തെറ്റിദ്ധാരണകളുടെ പുറത്ത് ചിലര്‍ ഇടതുപക്ഷത്തില്‍ നിന്നും മാറിയിട്ടുണ്ട്. ഇത്തരം ആളുകളെ തിരികെകൊണ്ടുവരാന്‍ സാധിക്കണം. സിപിഐഎം പ്രമുഖരായ ചിലര്‍ പാര്‍ട്ടി വിട്ടുപോവുകയും യുഡിഎഫുമായി ചേര്‍ന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. ഇടതുപക്ഷ അനുഭാവികളെയും പാര്‍ട്ടി മെമ്പര്‍മാരെയും കാര്യങ്ങള്‍ ധരിപ്പിച്ച് വീഴ്ച തിരുത്തി മുന്നോട്ട് പോകാന്‍ കഴിയണം. നുണ പ്രചാരണങ്ങളെ അതിജീവിക്കാന്‍ സാധിക്കണം എന്ന നിര്‍ദേശവും കെ കെ ശൈലജ മുന്നോട്ടുവെച്ചു.
മതവിശ്വാസത്തേയും ആരാധനാ സമ്പ്രദായത്തേയും ആരാധനാലയങ്ങളേയും സംരക്ഷിക്കാന്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇടതുപക്ഷമാണ്. ഒരു മതത്തിന്റേയും ആരാധനാലയങ്ങളെ ആക്രമിക്കുന്നതിനോ നശിപ്പിക്കുന്നതിനോ ഇടതുപക്ഷത്തിന് കൂട്ടുനില്‍ക്കാന്‍ കഴിയില്ല. വിശ്വാസികള്‍ക്ക് വിശ്വാസവും പ്രാര്‍ത്ഥനയും സംരക്ഷിക്കാന്‍ സാധിക്കണം. അത് ആക്രമിക്കപ്പെടുമ്പോള്‍ സംരക്ഷണ കവചമായി നിന്നിട്ടുള്ളത് ഇടതുപക്ഷമാണ്. പ്രത്യേകിച്ചും കേരളത്തില്‍. എന്നാല്‍ അതെല്ലാം മറന്ന് ഇടതുപക്ഷം മതത്തിനും വിശ്വാസത്തിനും എതിരാണെന്ന ദുഷ്പ്രചരണത്തില്‍ വീണുപോകുന്ന കുറച്ചുപേരെങ്കിലും ഉണ്ടാകുമെന്നതാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും കെ കെ ശൈലജ വ്യക്തമാക്കി.
ജെന്‍സിക്ക് വേണ്ടി ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്ത പുതിയ പ്രവര്‍ത്തനങ്ങള്‍ അവരെ പഠിപ്പിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനവും കെ കെ ശൈലജ മുന്നോട്ടുവെച്ചു. കേരളീയ സമൂഹത്തില്‍ വന്നിട്ടുള്ള പരിവര്‍ത്തനവും അതിന്റെ ഭാഗമായിട്ടുള്ള പുതുതലമുറയിലുണ്ടായിട്ടുള്ള മാറ്റവും ഇടതുപക്ഷം സസൂഷ്മം നിരീക്ഷിക്കേണ്ടതുണ്ട്. 2016ല്‍ എട്ടുവയസ്സുള്ള കുട്ടി 2026ല്‍ വോട്ടവകാശമുള്ള പൗരനായി മാറിയിട്ടുണ്ട്. 2016ന് മുമ്പുള്ള കേരളത്തെക്കുറിച്ചോ കടന്നുവന്ന പാതകളെക്കുറിച്ചോ പുതിയ തലമുറയില്‍ പലര്‍ക്കും അറിയാന്‍ കഴിഞ്ഞെന്ന് വരില്ല. കേരളത്തിന്റെ സാധ്യതകളേക്കാള്‍ കൂടുതലായിരിക്കും അവരുടെ പ്രതീക്ഷകള്‍.
അതില്‍ കുറവ് വരുമ്പോള്‍ സ്വാഭാവികമായും ഭരിക്കുന്നവര്‍ക്കെതിരെ ചിന്തിക്കാന്‍ തുടങ്ങും. ഇതുവരെയുണ്ടാക്കിയിട്ടുള്ള നേട്ടങ്ങളും കേരളത്തിലെ ജെന്‍സിക്ക് വേണ്ടി ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്ത പുതിയ പ്രവര്‍ത്തനങ്ങള്‍ അവരെ പഠിപ്പിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. മാധ്യമരംഗത്തും സാമൂഹിക മാധ്യമങ്ങളിലുമൊക്കെയുണ്ടായ പുതിയ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് ജെന്‍സിയുടെ ഭാഷയില്‍ അവരെ സമീപിക്കാന്‍ ഇടതുപക്ഷത്തിന് വേണ്ടത്ര കഴിഞ്ഞില്ലെന്നും കെ കെ ശൈലജ വിമര്‍ശിച്ചു.







