
മലപ്പുറം: വില്പനക്കായി വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 730 ഗ്രാം കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. മമ്പാട് പുളിക്കലോടി സ്വദേശി പള്ളിക്കണ്ടി മുഹമ്മദ് കുട്ടി എന്ന ചെമ്പന്‍ നാണിയെയാണ് (65) നിലമ്പൂര്‍ പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
നിലമ്പൂര്‍ ഡിവൈ. എസ്.പി വി.കെ. വിശ്വംഭരന് നായര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെ 11 മണിയോടെ പ്രതി മുഹമ്മദ് കുട്ടിയുടെ മമ്പാട് പുളിക്കലോടിയിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്. അടുക്കളയില്‍ ഫ്രിഡ്ജിന് താഴെ തറയില്‍ രഹസ്യ അറയുണ്ടാക്കി മുകളില്‍
ടൈല്‍സ് പാകിയ നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
പൊലീസ് നടത്തിയ പരിശോധനയില്‍ സംശയം തോന്നി ടൈല്‍സ് ഇളക്കിമാറ്റി നോക്കിയപ്പോഴാണ് രഹസ്യഅറ കണ്ടെത്തിയത്. മുമ്പ് നിരവധി കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ പൊലീസ് കാപ്പ ചുമത്തി ജില്ലയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിലക്കിന്റെ കാലാവധി കഴിഞ്ഞ് നാട്ടിലെത്തിയ പ്രതി വീണ്ടും കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ കഞ്ചാവ് നല്‍കുന്നുണ്ടെന്ന തെളിവിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുഹമ്മദ് കുട്ടിയില്‍ നിന്നും പിടികൂടിയ കഞ്ചാവിന് വിപണിയില്‍ കാല് ലക്ഷത്തോളം രൂപ വില വരും. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. നിലമ്പൂർ പൊലീസ് ഇന്‍സ്പെക്ടര്‍ ബി.എസ്. ബിനു, സീനിയര്‍ സി.പി.ഒ ലിജു ജോര്‍ജ്, സി.പി.ഒ അജീഷ്, പി.വി. സുനില, ഡാന്‍സാഫ് അംഗങ്ങളായ സുനില്‍ മമ്പാട്, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നി വരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.







