തേർഡ് ഐ വാർത്തയിൽ ആരോഗ്യമന്ത്രിയുടെ കർശന ഇടപെടൽ: സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ അനധികൃതമായി അവധിയെടുത്ത ജീവനക്കാർക്കെതിരെ കർശന നടപടിയുമായി ടീച്ചറമ്മ; അവധിയെടുത്ത് വിദേശത്തു പോയി ലക്ഷങ്ങൾ സമ്പാദിക്കുന്നവരെ സർവീസിൽ നിന്നും പിരിച്ചു വിടും; പണിതെറിക്കുന്നത് 432 ജീവനക്കാർക്ക്

തേർഡ് ഐ വാർത്തയിൽ ആരോഗ്യമന്ത്രിയുടെ കർശന ഇടപെടൽ: സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ അനധികൃതമായി അവധിയെടുത്ത ജീവനക്കാർക്കെതിരെ കർശന നടപടിയുമായി ടീച്ചറമ്മ; അവധിയെടുത്ത് വിദേശത്തു പോയി ലക്ഷങ്ങൾ സമ്പാദിക്കുന്നവരെ സർവീസിൽ നിന്നും പിരിച്ചു വിടും; പണിതെറിക്കുന്നത് 432 ജീവനക്കാർക്ക്

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് കാലത്ത് സർക്കാരും ആരോഗ്യ വകുപ്പ് ജീവനക്കാരും നട്ടെല്ലൊടിഞ്ഞ് പ്രതിരോധ പ്രവർത്തനങ്ങൾക്കു വേണ്ടി പണിയെടുക്കുമ്പോൾ ദീർഘകാല അവധിയെടുത്ത് പെൻഷൻ വാങ്ങാൻ വേണ്ടി മാത്രം കേരളത്തിലെത്തുന്ന കള്ളപ്പണിക്കാരെ പുറത്താക്കി സംസ്ഥാന സർക്കാർ. ആഴ്ചകൾക്കു മുൻപ് തേർഡ് ഐ ന്യൂസ് ലൈവ് ഇതു സംബന്ധിച്ച് വാർത്ത നല്കുകയും, ഇത്തരക്കാരെ അടിയന്തിരമായി സർവ്വീസിൽ നിന്ന് പുറത്താക്കി പകരം പുതിയ നിയമനം നടത്തണമെന്നുമാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ  ഏ കെ ശ്രീകുമാർ ആരോഗ്യമന്ത്രിയ്ക്കു കത്തയക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗമായി നിൽക്കുകയും, അവധിയെടുത്ത് വിദേശത്ത് പോയി ലക്ഷങ്ങൾ സമ്പാദിക്കുകയും ചെയ്യുന്ന ജീവനക്കാരെയാണ് ഇപ്പോൾ സർവീസിൽ നിന്നും പിരിച്ചു വിടുന്നതിനു തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ഉത്തരവിലാണ് കേരളത്തിന്റെ പ്രിയങ്കരിയായ ടീച്ചറമ്മ കെ.കെ ശൈലജടീച്ചർ  ഒപ്പുവച്ചത്

അനധികൃതമായി സർവീസിൽ നിന്നും വർഷങ്ങളായി വിട്ടു നിൽക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 385 ഡോക്ടർമാരുൾപ്പെടെയുള്ള 432 ജീവനക്കാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല തവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിനാണ് തീരുമാനമെടുത്തത്. കോവിഡ് വ്യാപകമായ സാഹചര്യത്തിൽ ആരോഗ്യ മേഖലയിൽ ഡോക്ടർമാരുടേയും മറ്റ് ജീവനക്കാരുടേയും സേവനം ആവശ്യമുണ്ട്. അതിനാൽ തന്നെയാണ് ഇച്ഛാശക്തിയോടെ കർശനമായ നടപടി സ്വീകരിച്ചത്.

അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടർമാരെ നേരത്തെ പുറത്താക്കിയിരുന്നു. അനധികൃതമായി ജോലിക്ക് ഹജരാകാത്ത ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കണ്ടെത്തി റിപ്പോർട്ട് നൽകുന്നതിനും കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അനധികൃതമായി വിട്ടുനിന്ന പ്രബേഷനന്മാരും സ്ഥിരം ജിവനക്കാരുമായ 385 ഡോക്ടർമാരേയാണ് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നത്. ഇതിന് പുറമേ അനധികൃതാവധിയിലായ 5 ഹെൽത്ത് ഇൻസ്‌പെക്ടർമാർ, 4 ഫാർമസിസ്റ്റുകൾ, 1 ഫൈലേറിയ ഇൻസ്‌പെക്ടർ, 20 സ്റ്റാഫ് നഴ്‌സുമാർ, 1 നഴ്‌സിങ് അസിസ്റ്റന്റ്, 2 ദന്തൽ ഹൈനീജിസ്റ്റുമാർ, 2 ലാബ് ടെക്‌നീഷ്യന്മാർ, 2 റേഡിയോഗ്രാഫർമാർ, 2 ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 1 ആശുപത്രി അറ്റൻഡർ ഗ്രേഡ്-രണ്ട്, 3 റെക്കോഡ് ലൈബ്രേറിയന്മാർ, 1 പി.എച്ച്.എൻ. ട്യൂട്ടർ, 3 ക്ലാർക്കുമാർ എന്നിങ്ങനെ 47 ജീവനക്കാരേയുമാണ് പിരിച്ചുവിടുന്നത്.

തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും സംസ്ഥാനത്ത് അനേകം പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിന് പിന്നാലെയാണ് കോവിഡ്-19 മഹാമാരിയും സംസ്ഥാനത്ത് വ്യാപകമായത്. ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരാണ് രാവും പകലുമില്ലാതെ ജോലി ചെയ്യുന്നത്. ഈ സമയത്ത് ആരോഗ്യ മേഖലയിൽ നിന്നും ജീവനക്കാർ മാറി നിൽക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല.

കൂടുതൽ മികവുറ്റ ആരോഗ്യ സേവനദൗത്യങ്ങൾ നിർവഹിക്കുന്നതിന് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിയമിതരായ ഇത്രയേറെ ജീവനക്കാരുടെ അനധികൃത ഹാജരില്ലായ്മ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കർശന നടപടി സ്വീകരിക്കുന്നത്.

ഇത്രയധികം നാളുകളായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നത് വകുപ്പിന്റെ പ്രവർത്തനത്തെ താറുമാറാക്കുകയും ജനങ്ങൾക്ക് അർഹമായ സേവനം ലഭ്യമാക്കുന്നതിന് കടുത്ത വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇത്തരം ജീവനക്കാരെ സർവീസിൽ തുടരാനനുവദിക്കുന്നത് സേവനതൽപരരായ അർഹരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കർശന നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.