ഒളശ ഏനാദിയിൽ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോകാൻ ബംഗാളിയുടെ ശ്രമം: വഴിയരികിലൂടെ നടന്നു പോയ പതിമൂന്നുകാരിയെ ബംഗാളികടന്നു പിടിച്ചു; കുട്ടിയെ കടന്നു പിടിക്കുകയും പൊക്കിയെടുത്തു കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്ത ഇതര സംസ്ഥാനക്കാരനെ നാട്ടുകാർ പിടികൂടി; ഇത് ഞങ്ങളുടെ അതിർത്തിയല്ലെന്നുള്ള ഒഴിവ് കഴിവ് പറഞ്ഞ് ഒഴിഞ്ഞു മാറി കുമരകം പൊലീസ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഒളശ ഏനാദിയിൽ പാലത്തിലൂടെ നടന്നു വന്ന പതിമൂന്നൂകാരിയെ കയ്യിൽ കടന്നു പിടിക്കുകയും, തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്ത ബംഗാളിയെ നാട്ടുകാർ പിടികൂടി. നാട്ടുകാർ ഇയാളെ തടഞ്ഞു വച്ച് വിളിച്ചിട്ടും കുമരകം പൊലീസ് സംഭവം നടന്നത് തങ്ങളുടെ അതിർത്തിയിൽ അല്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയതായും പരാതിയുണ്ട്. ഒടുവിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം ഇടപെട്ട ശേഷമാണ് സംഭവ സ്ഥലത്ത് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം.

ശനിയാഴ്ച ഉച്ചയ്ക്ക 12 മണിയോടെ ഒളശ ഏനാദി പാലത്തിലായിരുന്നു സംഭവം. പ്രദേശവാസിയും പതിമൂന്നുകാരിയുമായ പെൺകുട്ടി പാലത്തിലൂടെ നടന്നു വരികയായിരുന്നു. ഈ സമയത്താണ് എതിർ ദിശയിൽ നിന്നും ബംഗാളി നടന്നു വന്നത്. ഇയാൾ ആദ്യം പെൺകുട്ടിയുടെ കയ്യിൽ കടന്നു പിടിച്ചു. ഇതോടെ കുട്ടി ബഹളം വച്ചു. ഈ സമയം ഇതുവഴി കടന്നു വന്ന ബൈക്ക് യാത്രക്കാരൻ ശബ്ദം കേട്ട് ബൈക്ക് നിർത്തി. ഇതോടെ ബംഗാളി കുട്ടിയെ അരയിൽപിടിച്ചു ഉയർത്തിയ ശേഷം തോളിലേയ്ക്കു കിടത്തി.

ഇതോടെ ബൈക്ക് യാത്രക്കാരനും വഴിയാത്രക്കാരും ഓടിയെത്തി. തുടർന്നു, ഇവർ ഇയാളെ തടഞ്ഞു വച്ചു. ഈ സമയം അരകിലോമീറ്റർ മാറി കുമരകം പൊലീസ് സ്റ്റേഷനിലെ പെട്രോളിംങ് സംഘം ഉണ്ടായിരുന്നു. ഇത്തരത്തിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ബംഗാളിയെ പിടികൂടിയതായി നാട്ടുകാർ പൊലീസിനോടു പറഞ്ഞു. എന്നാൽ, തങ്ങളുടെ പൊലീസ് സ്റ്റേഷൻ പരിധിയല്ലെന്നും വെസ്റ്റ് സ്റ്റേഷനിൽ അറിയിക്കാനുമായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ ആദ്യ പ്രതികരണം. എന്നാൽ, വെസ്റ്റ് അല്ല കുമരകം സ്റ്റേഷൻ തന്നെയാണ് എന്നു നാട്ടുകാർ ഉറപ്പിച്ചു പറഞ്ഞതോടെ, ബംഗാളിയല്ലേ രണ്ടെണ്ണം കൊടുത്ത ശേഷം വിട്ടയക്കാനായിരുന്നു നാട്ടുകാരോടു പൊലീസിന്റെ മറുപടി.

ഇതോടെ നാട്ടുകാർ കുമരകം സ്‌റ്റേഷൻ ഹൗസ് ഓഫിസറെ വിളിച്ചു വിവരം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ കുമരകം പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ കുമരകം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.