സ്വർണ്ണക്കടത്ത് അടക്കം സർക്കാരിന് ആകെ കുരുക്ക്: ശിവശങ്കറിനു പിന്നാലെ മന്ത്രി ജലീലിന്റെ ഗൺമാനും കുരുക്കിലേയ്ക്ക്; സ്വപ്‌നയ്ക്കും സരിത്തിനും എതിരെ പുതിയ കേസും; ഇനി വരാനിരിക്കുന്നതെന്തെന്ന ആശങ്കയിൽ സംസ്ഥാന സർക്കാർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ മടിയിൽ കനമില്ലെന്നും അതുകൊണ്ടു തന്നെ വഴിയിൽ ഭയക്കേണ്ട കാര്യമില്ലെന്നും പറഞ്ഞ സംസ്ഥാന സർക്കാരിന്റെ മടിയിലെ കനം കൂടുന്നു. സംസ്ഥാന സർക്കാരിലെ ഉന്നതനും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായിരുന്ന ശിവശങ്കറിനു പിന്നാലെ മന്ത്രി ജലീലിന്റെ ഗൺമാനും കുടുക്കിലേയ്ക്ക് എന്നു സൂചനകൾ. മന്ത്രി ജലീലിന്റെ ഗൺമാന്റെ ഫോൺ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തതോടെയാണ് സർക്കാർ വീണ്ടും ചുറ്റിലായിരിക്കുന്നത്. ഇനി എന്തുണ്ടാകുമെന്ന അശങ്കയാണ് ഇപ്പോൾ സർക്കാരിനെ കുടുക്കിലാക്കിയിരിക്കുന്നത്.

ഇതിനിടെ, വിദേശത്തേക്ക് ഡോളർ കടത്തിയതിന് സ്വർണക്കടത്തുകേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സരിത്തിനേയും പ്രതികളാക്കി കസ്റ്റംസ് പുതിയ കേസെടുത്തു. 1.90ലക്ഷം യുഎസ് ഡോളർ പ്രതികൾ വിദേശത്തേയ്ക്ക് കടത്തിയെന്നാണ് കണ്ടെത്തൽ. ഡോളർ വിട്ടുകിട്ടാൻ ശിവശങ്കർ ബാങ്കിൽ സമ്മർദം ചെലുത്തിയെന്ന് കസ്റ്റംസ് പറയുന്നു.

ശിവശങ്കറിന്റെ കടുത്ത സമ്മർദം കാരണം ഡോളർ നൽകിയെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ കസ്റ്റംസിന് മൊഴി നൽകിയിരിക്കുന്നത്. ഈ പണമാണ് പിന്നീട് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് മുന്നിൽ വച്ച് കോൺസുലേറ്റിലെ ധനകാര്യവിഭാഗത്തിന്റെ ചുമതലയിലുണ്ടായിരുന്ന ഖാലിദിന് കൈമാറുന്നത്. ഖാലിദാണ് ഈ തുക വിദേശത്തേക്ക് കടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അറസ്റ്റിലേക്ക് കടക്കാൻ കസ്റ്റംസ് തയാറെടുക്കുന്നുവെന്നാണ് സൂചന.

സ്വപ്നസുരേഷ്, സന്ദീപ് നായർ എന്നിവർക്കൊപ്പം ഡോളർ കടത്തിന് ശിവശങ്കർ ഗൂഢാലോചനയിൽ പങ്കാളിയായെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് തവണ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യകാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി. എന്താണ് അസുഖമെന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ശിവശങ്കർ കൃത്യമായ വിവരങ്ങൾ നൽകിയതുമില്ല.

ഇതേത്തുടർന്നാണ് കസ്റ്റംസ് നേരിട്ടെത്തി ശിവശങ്കറിന് ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുന്നത്. കസ്റ്റംസ് ആക്ടിലെ 108- പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് കേസിൽ ബന്ധമുണ്ടെന്ന് വിവരം ലഭിക്കുന്നവരെ വിളിച്ചുവരുത്താനുള്ള നോട്ടീസാണ് ശിവശങ്കറിന് നൽകിയത്. പുതിയൊരു കേസ് നമ്പറാണ് നോട്ടീസിലുള്ളതെന്ന്, നോട്ടീസ് പരിശോധിച്ച ശിവശങ്കറിന് മനസ്സിലായി. പിന്നാലെ നോട്ടീസിലെ വിവരങ്ങൾ കൊച്ചിയിലെ അഭിഭാഷകരുമായി ശിവശങ്കർ ചർച്ച ചെയ്തു. ചോദ്യം ചെയ്യൽ നീട്ടിവയ്ക്കാൻ കഴിയുമോ എന്ന് വീണ്ടും ശിവശങ്കർ ഉദ്യോഗസ്ഥരോട് ആരാഞ്ഞു. എന്നാൽ കഴിയില്ലെന്ന് കസ്റ്റംസ് മറുപടി നൽകുകയായിരുന്നു.

ഇതിനിടെ, സ്വർണ്ണക്കടത്ത് കേസിലും ഡോളർ കേസിലും കുടുങ്ങുമെന്നു ഉറപ്പായതോടെയാണ് ശിവശങ്കരനു നെഞ്ചുവേദന ഉണ്ടായത്. ഇതേ തുടർന്നു, ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശിവശങ്കരനെ സർക്കാർ ആശുപത്രിയിലേയ്ക്കു മാറ്റാൻ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ആശുപത്രിയിൽ നിന്ന് മാറ്റാൻ കസ്റ്റംസ് നീക്കം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ച കരമനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് മാറ്റുന്നത്. ശ്രീചിത്രയിലേക്കോ മെഡിക്കൽ കോളേജിലേക്കോ അദ്ദേഹത്തെ മാറ്റുമെന്നാണ് സൂചന. ശിവശങ്കറിന്റെ ഭാര്യ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. ആശുപത്രിയിൽ നിന്ന് മാറ്റണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

ആശുപത്രി മാറ്റത്തിന് ആംബുലൻസ് അടക്കമുളള സൗകര്യങ്ങൾ കരമനയിലെ സ്വകാര്യ ആശുപത്രിയുടെ പരിസരത്തെത്തിച്ചിട്ടുണ്ട്. രാവിലെ ആൻജിയോഗ്രാം പൂർത്തിയാക്കിയ ശിവശങ്കറിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. എന്നാൽ നട്ടെല്ലിന് വേദനയുണ്ടെന്ന് ശിവശങ്കർ പറയുന്നുണ്ട്. ഇതിൽ വിദഗ്ദ്ധ പരിശോധന വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടത്.

ഇതിനിടെയാണ് ഇപ്പോൾ മന്ത്രി കെ.ടി ജലീലിന്റെ ഗൺമാന്റെ ഫോൺ അന്വേഷണ സംഘം പിടിച്ചെടുത്തിരിക്കുന്നത്.