
കേരളത്തിൽ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. അതേസമയം ഇന്ന് ടിപി ചന്ദ്രശേഖരന്റെ ഓർമ്മ ദിനവും കൂടിയാണ്. ടിപിയുടെ ഓർമ്മ ദിനവും വോട്ടെണ്ണൽ ദിനവും ഒന്നിച്ചു വന്നത് യാദൃശ്ചികം, എന്നാൽ അത് വലിയ രാഷ്ട്രീയവുമാണെന്ന് കെകെ രമ മാധ്യമങ്ങളോട് പറഞ്ഞു. 17 വർഷം മുമ്പ് ടിപി ഉയർത്തിയ ആ രാഷ്ട്രീയമാണ് 2012 കൊന്നു തള്ളാൻ സിപിഐഎം തീരുമാനിച്ചത്. ആ രാഷ്ട്രീയം അവസാനിക്കില്ല എന്ന് കാലം തെളിയിച്ചു.അതിൽ ഏറ്റവും വലിയ തിരിച്ചടി കിട്ടുന്ന ദിവസം ആയിരിക്കും ഇന്ന്. ഭരണ തുടർച്ച എന്നുള്ളത് എൽ ഡി എഫിന്റെ വ്യാമോഹം. ടി.പിയുടെ ഘാതകര്‍ക്ക് തിരിച്ചടി കിട്ടുന്ന ദിവസമാണിത്.വടകരയിൽ ഉയർന്ന ഭൂരിപക്ഷത്തിൽ യുഡിഎഫിന് വിജയം ഉറപ്പെന്നും അവർ വ്യക്തമാക്കി.
ഇന്ന് തന്നെ തിരഞ്ഞെടുപ്പ് ഫലം വരുന്നത് കാലത്തിന്റെ കാവ്യ നീതി. എതിരഭിപ്രായം പറയുന്നവരെ കൊന്നു തള്ളുന്ന രാഷ്ട്രീയത്തിനുള്ള പ്രഹരമായിരിക്കും വിധിയെന്ന് കെകെ രമ വ്യക്തമാക്കി. 2012 മെയ് നാലിനാണ് ടിപി ചന്ദ്രശേഖരൻ കൊലക്കത്തിക്ക് ഇരയായത്. അക്രമ രാഷ്ട്രീയം ഇല്ലാതാകേണ്ടതിന്റെ ഓർമപ്പെടുത്തലാണ് ടിപിയുടെ ഓരോ ഓർമ ദിനവും. കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ ടിപി ചന്ദ്രശേഖരന്റെ വധം.
പിന്നാലെ ടിപിയുടെ കൊലപാതകത്തിൽ മൂന്ന് സിപിഐഎം നേതാക്കൾ ഉൾപ്പെടെ 12 പ്രതികൾ ശിക്ഷിക്കപ്പെട്ടു. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഐഎം ആവർത്തിക്കുമ്പോഴും, ടിപിയുടെ ഭാര്യ കെകെ രമ യുഡിഎഫ് പിന്തുണയോടെ ആർഎംപി സ്ഥാനാർത്ഥിയായി വടകരയിൽ നിന്ന് മത്സരിച്ചു ജയിച്ചത് സിപിഐ എമ്മിനും അക്രമരാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്തായാണ് രാഷ്ട്രീയ കേരളം നോക്കിക്കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







