
ഡല്‍ഹി: കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ നടപ്പിലാക്കാൻ പ്രധാനമന്ത്രിയോടും ധനമന്ത്രിയോടും പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
സംസ്ഥാനത്തിന്റെ ധനസ്ഥിതിയില്‍ ധവളപത്രം ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
‘പ്രധാനമന്ത്രിയും ധനമന്ത്രിയുമായും കൂടിക്കാഴ്‌ച നടത്തി. വിശദമായ കൂടിക്കാഴ്‌ചയാണ് നടന്നത്. കേരളത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും മുൻഗണനകളെക്കുറിച്ചും സൂചിപ്പിച്ചു. നമ്മുടെ സ്വപ്‌ന പദ്ധതികള്‍ക്ക് പിന്തുണ നല്‍കണമെന്നും അഭ്യർത്ഥിച്ചു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ധവളപത്രം ജൂണ്‍ ആദ്യവാരം പുറത്തിറക്കും. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ അറിയിച്ചിട്ടുണ്ട്. അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് കേന്ദ്രം പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഎം ശ്രീയുടെ നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കും. മന്ത്രിസഭാ യോഗത്തിലും ഇക്കാര്യം ചർച്ചചെയ്‌തു. സില്‍വർ ലൈൻ പദ്ധതി ഉപേക്ഷിച്ചത് ഞങ്ങളല്ല. മുൻ സർക്കാരാണ്. എന്നിട്ടും സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം നിലനിന്നു. അതാണ് ഇപ്പോള്‍ പിൻവലിച്ചിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് സ്ഥലം വില്‍ക്കാൻ ഇതിനാല്‍ സാധിക്കില്ല. ഇക്കാരണത്താലാണ് വിജ്ഞാപനം പിൻവലിച്ചത്. കടമെടുപ്പിന്റെ പരിധിയില്‍ നിന്ന് ദേശീയപാതാ വികസനത്തിനുള്ള തുക ഒഴിവാക്കണമെന്നാവശ്യപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതിയില്‍ മുമ്പ് മുഴുവൻ പണവും കേന്ദ്രമാണ് നല്‍കിയിരുന്നത്.ഇപ്പോള്‍ 40 ശതമാനം സംസ്ഥാനം നല്‍കണം. പുതിയ സർക്കാരിന്റെ മുകളിലാണ് ആ ബാദ്ധ്യത. കിഫ്‌ബിയുടെ ബാദ്ധ്യതകള്‍ സംബന്ധിച്ച റിപ്പോർട്ട് തേടിയിട്ടുണ്ട്’ – വി ഡി സതീശൻ പറഞ്ഞു.







