
കേരളത്തില്‍ ബീഫ് വിപണി പ്രതിസന്ധിയില്‍. തമിഴ്‌നാട്ടിലെ കന്നുകാലി ക്ഷാമമാണ് കേരളത്തിനും തിരിച്ചടിയായത്. ഗോസംരക്ഷണത്തിന്റെ പേരില്‍ ആന്ധ്രപ്രദേശിലും കര്‍ണാടകയിലും കന്നുകാലികളെ തടയുന്നതാണ് ക്ഷാമത്തിന് കാരണം. ഇത് തമിഴ്‌നാട്ടിലെ മൊത്ത വിപണയിയെയും പ്രതിസന്ധിയിലാക്കി. ഒന്നരലക്ഷം കന്നുകള്‍ എത്തിയിരുന്ന കേരളത്തില്‍ ഇപ്പോള്‍ ആറായിരത്തില്‍ താഴെ മാത്രമാണ് എത്തുന്നത്. ബീഫ് ക്ഷാമത്തെ തുടര്‍ന്ന് ഇറച്ചിക്കടകള്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാനാണ് ഇടുക്കിയിലെ വ്യാപാരികളുടെ തീരുമാനം.
കോഴിക്കോട് ജില്ലയിലെ 650ഓളം ഇറച്ചിക്കടകളില്‍ 300ഓളം കടകള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ആന്ധ്രയിലും തമിഴ്‌നാട്ടിലും എത്തിയിരുന്ന കന്നുകാലികളെ ഗോശാലകളിലേക്ക് ഗോസംരക്ഷണത്തിന്റെ പേരില്‍ മാറ്റുന്ന പ്രവണത കൂടി വരികയാണ്. എന്നാല്‍ ഈ കന്നുകളെ ബീഫ് എക്‌സ്‌പോര്‍ട്ട് ചെയ്യുന്ന കമ്പനികളിലെത്തിക്കുന്ന സ്ഥിതിയാണ് ഉണ്ടാകുന്നതെന്നാണ് മനസിലാക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
നിലവില്‍ ഒരു കിലോയ്ക്ക് 400 മുതല്‍ 440രൂപവരെയാണ് കോഴിക്കോട് ബീഫ് വില. ക്ഷാമം വരുമ്പോള്‍ വില ഇനിയും കൂടും. നാലു ജില്ലകളില്‍ 12ആം തീയതി മുതല്‍ അനിശ്ചിതകാല സമരം തീരുമാനിച്ചിട്ടുണ്ട്. ബീഫ് എത്താതിരിക്കുന്നതോടെ കോഴി, പന്നി ഇറച്ചികളുടെയും ഹോട്ടല്‍ ഭക്ഷണത്തിന്റെയും വില വര്‍ധിച്ചേക്കുമെന്ന് കച്ചവടക്കാർ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







