
തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന് മന്ത്രിസ്‌ഥാനം നഷ്‌ടമായേക്കുമെന്ന് അഭ്യൂഹം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭാംഗമായതോടെ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി അനിവാര്യമായിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ കേരളത്തിന് അനുവദിച്ച മന്ത്രിസ്‌ഥാനങ്ങളില്‍ കുറവുണ്ടായേക്കുമെന്നാണ് സൂചന. ക്രൈസ്‌തവ സഭകളുമായുള്ള ബി.ജെ.പിയുടെ ബന്ധം ശക്‌തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജോര്‍ജ് കുര്യനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഈ നീക്കം പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിഗമനം. ഇത് അദ്ദേഹത്തിന്റെ മന്ത്രിസ്‌ഥാനത്തിന് ഭീഷണിയാകുന്നുണ്ട്.
മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമാണ് നിലവില്‍ ജോര്‍ജ് കുര്യന്‍. ഉപതെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം രാജ്യസഭയിലെത്തിയത്. ഈ കാലാവധി ഉടന്‍ അവസാനിക്കാനിരിക്കുകയാണ്. ഒഴിവുവരുന്ന സീറ്റ് വീണ്ടും ജോര്‍ജ് കുര്യനുതന്നെ നല്‍കാനുള്ള സാധ്യത കുറവാണെന്നാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തില്‍നിന്നുള്ള വിലയിരുത്തല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്തര്‍പ്രദേശിലും മറ്റും നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള അഴിച്ചുപണിയാകും കേന്ദ്രമന്ത്രിസഭയിലുണ്ടാവുക. ഉത്തരേന്ത്യയില്‍നിന്നും കൂടുതല്‍ മന്ത്രിമാര്‍ വരാനും സാധ്യതയുണ്ട്. ഇപ്പോള്‍ നടക്കുന്ന സംസ്‌ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം വന്നശേഷമേ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുണ്ടാകൂ.
കേന്ദ്രമന്ത്രിയെന്ന പ്രതിച്‌ഛായയുമായാണ് കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യന്‍ മത്സരിച്ചത്. അവിടെ ജയിച്ചാല്‍ സ്വാഭാവികമായി രാജ്യസഭാ അംഗത്വം രാജിവയ്‌ക്കുകയും കേ്‌ന്ദ്രമന്ത്രിപദത്തില്‍നിന്ന് ഒഴിയുകയും ചെയ്യേണ്ടിവരും. എന്നാല്‍, കാഞ്ഞിരപ്പള്ളിയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കിയിട്ടില്ലെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. അതുകൊണ്ട് കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യന് ജയസാധ്യത അവര്‍ കാണുന്നില്ല.
അതേസമയം, മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജ് കുര്യനെ മാറ്റുന്നത് നീതികേടാണെന്ന അഭിപ്രായവും ബി.ജെ.പിക്കുള്ളിലെ ഒരു വിഭാഗത്തിനുണ്ട്. കേരളത്തിലെ ക്രൈസ്‌തവ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ ഇത്തരമൊരു മാറ്റം തിരിച്ചടിയുണ്ടാക്കുമെന്നും ഇവര്‍ ഭയപ്പെടുന്നു.



