
വിറക് ശേഖരിക്കാനിറങ്ങിയ വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം: സംഭവം കോഴിക്കോട് മുക്കം നെല്ലിക്കാപ്പൊയിലിൽ
സ്വന്തം ലേഖകൻ
കോഴിക്കോട്: മുക്കം നെല്ലിക്കാപ്പൊയിലിൽ വിറക് ശേഖരിക്കാനിറങ്ങിയ വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം. നെല്ലിക്കാപ്പൊയിലില്‍ സ്വദേശി ബിനുവിന്റെ ഭാര്യ മനീഷയെ (30) ആണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തിൽ മനീഷയുടെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. വലതു കാലില്‍ മൂന്നിടത്ത് പൊട്ടലേറ്റ മനീഷയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീടിന് സമീപത്തെ പറമ്പില്‍ വിറക് ശേഖരിക്കുന്നതിനിടെ ഓടിയെത്തിയ കാട്ടുപന്നി മനീഷയെ കുത്തിവീഴ്ത്തുകയായിരുന്നു. കുത്തിന്റെ ആഘാതത്തില്‍ മനീഷ താഴ്ചയിലേക്ക് വീണു. ഈ വീഴ്ചയിലാണ് കാലിന് പരുക്കേറ്റത്.
മനീഷയെ ഇടിച്ചിട്ട കാട്ടുപന്നി വീടിന് സമീപത്ത് വസ്ത്രങ്ങള്‍ അലക്കുകയായിരുന്ന ബിനുവിന്റെ അമ്മയുടെ തൊട്ടടുത്ത് കൂടിയാണ് ഓടി മറഞ്ഞത്. മനീഷയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ ജനങ്ങള്‍ രാത്രി കാലങ്ങളില്‍ പന്നിയെ കണ്ടതായി പറയാറുണ്ടെങ്കിലും പകല്‍ സമയത്ത് ഇത്തരമൊരു ആക്രമണം നാട്ടില്‍ ആദ്യമായാണെന്ന് ബിനു പറയുന്നു.