Spread the love

തിരുവനന്തപുരം കണിയാപുരത്ത് ആളില്ലാതിരുന്ന വീട്ടില്‍ മോഷണം. വീട് കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്‌ടാക്കൾ 12 പവന്‍ കവര്‍ന്നു. കണിയാപുരം നമ്പ്യാര്‍കുളത്ത് സാഫല്യം വീട്ടില്‍ മുഹമ്മദ് താഹിറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ആലുവയില്‍ പോയി മടങ്ങി വന്നപ്പോഴാണ് കവര്‍ച്ച നടന്നതായി മനസിലാക്കിയത്. വീടിന്റെ പിന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. നാലു കിടപ്പുമുറികളിലെ അലമാരയിലുണ്ടായിരുന്ന 12 പവനോളം സ്വര്‍ണ്ണവും 3000 രൂപയുമാണ് നഷ്ടമായത്. അലമാരയില്‍ നിന്നെടുത്ത വാച്ച് തൊട്ടടുത്ത് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

ആഭരണങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്ന ഗോള്‍ഡ് കവറിംഗ് ആഭരങ്ങള്‍ തിരികെ വച്ചാണ് മോഷ്ടാക്കള്‍ മടങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ ആലുവയിലേയ്ക്ക് പോയ കുടുംബം രാത്രി 12 മണിയോടെയാണ് മടങ്ങിയെത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മംഗലപുരം പൊലീസ്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മംഗലപുരം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.