Spread the love

ഡൽഹി: ഗാർഹിക ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ വില 29 രൂപ വർധിപ്പിച്ചിട്ടും, എണ്ണക്കമ്പനികള്‍ക്ക് ഓരോ സിലിണ്ടറിലും ഏകദേശം 700 രൂപയോളം നഷ്ടം നേരിടുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ആഗോളതലത്തില്‍ ഊർജ്ജ വില കുതിച്ചുയർന്നെങ്കിലും, ആഭ്യന്തര വിപണിയില്‍ വലിയ വിലക്കയറ്റം ഉണ്ടാകാതെ സർക്കാർ നിയന്ത്രിച്ചു നിർത്തുകയാണെന്ന് ഔദ്യോഗിക

video
play-sharp-fill

പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര മാനദണ്ഡമായ സൗദി സിപി നിരക്ക് പ്രതിസന്ധിക്ക് മുൻപ് ടണ്ണിന് 543 ഡോളർ ആയിരുന്നത്, മേയ് മാസത്തില്‍ 46 ശതമാനം വർധിച്ച്‌ 775 ഡോളറായി. ജൂണില്‍ ഇത് 790 ഡോളറായി ഉയർന്നു. ഇതനുസരിച്ച്‌ ഇന്ത്യയില്‍ ഒരു ഗാർഹിക സിലിണ്ടർ വിതരണം ചെയ്യാനുള്ള യഥാർത്ഥ ചെലവ് 1600 രൂപയ്ക്ക് മുകളിലാണ്. ഹോർമുസ് ഇടുക്ക് വഴിയുള്ള ഇറക്കുമതിയില്‍ തടസ്സങ്ങള്‍ നേരിട്ടെങ്കിലും, ഇന്ത്യൻ റിഫൈനറികള്‍ ആഭ്യന്തര എല്‍.പി.ജി ഉല്‍പ്പാദനം പ്രതിദിനം 32,000 ടണ്ണില്‍ നിന്നും 52,000 ടണ്ണായി വർധിപ്പിച്ച്‌ ക്ഷാമം ഒഴിവാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

വില വർധനയോടെ ഡല്‍ഹിയില്‍ 14.2 കിലോയുടെ ഗാർഹിക സിലിണ്ടറിന്റെ വില 913 രൂപയില്‍ നിന്ന് 942 രൂപയായി ഉയർന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്ക് 300 രൂപ സബ്‌സിഡി ലഭിക്കുന്നതിനാല്‍ 642 രൂപയ്ക്ക് സിലിണ്ടർ ലഭ്യമാകും. എന്നാല്‍, ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്ക് വർഷത്തില്‍ ലഭിച്ചിരുന്ന സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ എണ്ണം 9-ല്‍ നിന്ന് 4 ആയി സർക്കാർ ചുരുക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശ്ചിമേഷ്യൻ സംഘർഷത്തിന് ശേഷം ഗാർഹിക സിലിണ്ടറിന് ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. കഴിഞ്ഞ മാർച്ചില്‍ 60 രൂപ വർധിപ്പിച്ചിരുന്നു. ഹോട്ടലുകളും മറ്റും ഉപയോഗിക്കുന്ന 19 കിലോയുടെ വാണിജ്യ സിലിണ്ടറുകളുടെ വില അന്താരാഷ്ട്ര നിരക്കുകള്‍ക്കനുസരിച്ച്‌ എല്ലാ മാസവും പരിഷ്കരിക്കാറുണ്ട്. നിലവില്‍ ഡല്‍ഹിയില്‍ ഇതിന്റെ വില സിലിണ്ടറൊന്നിന് 3113.5 രൂപയാണ് (കിലോയ്ക്ക് 164 രൂപ). അതേസമയം, സാധാരണ ഗാർഹിക ഉപഭോക്താക്കള്‍ക്ക് കിലോയ്ക്ക് ഏകദേശം 66 രൂപ നിരക്കിലാണ് പാചകവാതകം ലഭിക്കുന്നത്.