
കൊച്ചി: കളമശ്ശേരി സ്ഫോടന കേസിലെ പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി.യഹോവ സാക്ഷികളുടെ പിആർഒയുടെ ഫോണ്‍ നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. മലേഷ്യൻ നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്നാണ് വിവരം. പിആർഒ യുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മെയ് 12 ന് രാത്രി പത്തുമണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പ്രതി ഡൊമിനിക് മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്നും യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വയ്ക്കുമെന്നുമായിരുന്നു ഭീഷണി.
രേഖകള്‍ സഹിതം നല്‍കിയ പരാതിയില്‍ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2023 ഒക്ടോബർ 29നാണ് കളമശ്ശേരി സാമ്ര കണ്‍വെൻഷൻ സെന്ററില്‍ യഹോവ സാക്ഷികളുടെ പ്രാർഥനയ്ക്കിടയില്‍ സ്ഫോടനമുണ്ടായത്. പെട്രോള്‍ ബോംബ് ഉയോഗിച്ച് നടത്തിയ സ്ഫോടനത്തില്‍ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. 45ഓളം പേർക്ക് പരിക്കേറ്റിരുന്നു. കേസിലെ ഏക പ്രതിയാണ് മാർട്ടിൻ.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കൊരട്ടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ താനാണ് സ്‌ഫോടനം നടത്തിയതെന്ന് വെളിപ്പെടുത്തുകയായിരുന്നു. കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.







