
ഡൽഹി: ഇന്ത്യ മുന്നണി യോഗത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മാത്രം പുറത്തുവിട്ടതിലടക്കം പ്രതിഷേധം വ്യക്തമാക്കി യോഗത്തില്‍ പങ്കെടുത്ത സി പി എം പ്രതിനിധി ജോണ്‍ ബ്രിട്ടാസ് എം പി.
മൂന്ന് മണിക്കൂർ നീണ്ട ചർച്ചകളില്‍ നിന്ന് കേവലം ഒൻപത് മിനിറ്റ് മാത്രമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടതെന്നും ബാക്കി 95 ശതമാനം ചർച്ചകളും മറച്ചുവെച്ചുവെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രിയും സി പി എം പി ബി അംഗവുമായ പിണറായി വിജയനെ ആലിംഗനം ചെയ്യാൻ തനിക്കാവില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമർശമടക്കം ചർച്ചയായ സാഹചര്യത്തിലാണ് ശക്തമായ മറുപടിയുമായി ബ്രിട്ടാസ് രംഗത്തെത്തിയിരിക്കുന്നത്.
പിണറായിയെ ആലിംഗനം ചെയ്യാനാകില്ലെന്ന് പറയുമ്പോള്‍ രാഹുല്‍ ഗാന്ധി ആരെയൊക്കെയാണ് മുൻപ് ആലിംഗനം ചെയ്തിട്ടുള്ളതെന്ന ചിത്രം ജനങ്ങളുടെ ഓർമ്മയില്‍ വരില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ലോക്സഭയ്ക്കുള്ളില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ആലിംഗനം ചെയ്തത് വലിയ തോതില്‍ ആഘോഷിക്കപ്പെട്ടില്ലേ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർഎസ്‌എസിന്റെ ഏറ്റവും പ്രധാനപ്പെട്ട കുന്തമുനയായ മോദിയെ എങ്ങനെ രാഹുലിന് ആലിംഗനം ചെയ്യാൻ സാധിച്ചു എന്ന ചോദ്യമടക്കം ഇന്ത്യ മുന്നണി യോഗത്തില്‍ ഉയർന്നിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.
യോഗത്തില്‍ മറ്റ് നേതാക്കള്‍ ഉന്നയിച്ച കാര്യങ്ങള്‍ കൂടി കോണ്‍ഗ്രസ് പുറത്തുവിടാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർ എസ് എസിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ സർട്ടിഫിക്കറ്റ് സി പി എമ്മിന് ആവശ്യമില്ലെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉന്നയിക്കുന്നത് മുന്നണിയെ ദുർബലപ്പെടുത്തില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.







