
പാചകവാതക സിലിന്‍ഡറില്‍ തൂക്കക്കുറവ്; ഐഒസി 50,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്ന് ഉപഭോക്തൃ കോടതി
സ്വന്തം ലേഖിക
കൊച്ചി: പാചകവാതക സിലിന്‍ഡറില്‍ പാചകവാതകത്തിന്റെ തൂക്കം കുറഞ്ഞതിന് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കോടതി ഓയില്‍ കമ്പനിക്ക് നിര്‍ദേശം നല്‍കി.
ഐ.ഒ.സി. നല്‍കിയ എല്‍.പി.ജി. സിലിന്‍ഡറില്‍ ഗ്യാസിന്റെ അളവ് കുറവായിരുന്നുവെന്ന കേസിലാണ് കോടതിയുടെ ഉത്തരവുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും ഉപഭോക്താവിനു നല്‍കാനാണ് കോടതി ഉത്തരവ്. അധ്യക്ഷന്‍ ഡി.ബി. ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവരടങ്ങിയ സമിതിയുടേതാണ് ഉത്തരവ്.
തൃക്കാക്കര ചെമ്പുമുക്ക് ചിറപ്പാട്ട് വീട്ടില്‍ സി.വി. കുര്യനാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്.
സിലിന്‍ഡറില്‍ രേഖപ്പെടുത്തിയ അളവില്‍ പാചകവാതകം ലഭിച്ചില്ലെന്നാണ് പരാതി.
ലീഗല്‍ മെട്രോളജി വകുപ്പിന്റേതടക്കം വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടും തെളിവുകളും പരിശോധിച്ചാണ് പാചകവാതകത്തിന്റെ അളവ് കുറഞ്ഞതായി കോടതി വിലയിരുത്തിയത്. ലീഗല്‍ മെട്രോളജി വകുപ്പ് നേരത്തേ നടത്തിയ മിന്നല്‍ പരിശോധനയില്‍ സിലിന്‍ഡറുകളില്‍ തൂക്കക്കുറവ് കണ്ടെത്തിയിരുന്നു.
ഇത് പരാതിക്കാരന്റെ മാത്രം പ്രശ്‌നമല്ലെന്നും സിലിന്‍ഡറില്‍ അളവില്‍ കുറവായി എല്‍.പി.ജി. നല്‍കി ചൂഷണം നടന്നിട്ടുണ്ടാകാമെന്നും കോടതി നിരീക്ഷിച്ചു.