ഇടുക്കിയിൽ അഞ്ചാംക്ലാസ് വിദ്യാർഥി വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ; റോഡിൽ കുഴഞ്ഞുവീണ കുട്ടി നാട്ടുകാരോട് വിഷം കഴിച്ചതായി പറഞ്ഞുവെന്ന് സൂചന
പീരുമേട്: അഞ്ചാം ക്ലാസ് വിദ്യാർഥിയെ വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. ഏലപ്പാറ ഹെലിബെറിയ കിളിപാടി മാടപ്പുറം വീട്ടിൽ സതീഷിന്‍റെ ഏക മകൻ സ്റ്റെഫിൻ (11) ആണ് മരിച്ചത്. ഏലപ്പാറ ഗവ. യു.പി സ്കൂൾ വിദ്യാർഥിയാണ്.
രാവിലെ വിഷം കഴിച്ചശേഷം കുട്ടി റോഡിലിറങ്ങി നടന്നു പോകുകയായിരുന്നു. ഇതിനിടെ കുട്ടി കുഴഞ്ഞു വീണു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ താന്‍ വിഷം കഴിച്ചതായി കുട്ടി പറഞ്ഞു. ഉടന്‍ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, വഴിമധ്യേ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
ഇന്നലെ വൈകീട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നവഴി ബന്ധുക്കളായ കുട്ടികളുമായി തര്‍ക്കവും സംഘര്‍ഷവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ എന്തിനാണ് വഴക്കുണ്ടാക്കിയതെന്ന് അമ്മ ചോദിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റെഫിൻ മുമ്പും ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. പിതാവ് സതീഷ് എറണാകുളത്ത് ജോലി ചെയ്യുകയാണ്. തോട്ടം തൊഴിലാളിയായ സുധയാണ് മാതാവ്.