
തിരുവനന്തപുരം: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്രിക്കറ്റ് പരിശീലനം നല്കാന് വനിതാ കോച്ചിനെ നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ആണ് കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) നിര്‍ദ്ദേശം നല്‍കിയത്. കെസിഎയുടെ കീഴില്‍ ക്രിക്കറ്റ് പഠിക്കാന്‍ വരുന്ന പെണ്‍കുട്ടികളെ പരിശീലകന് ലൈംഗികമായി ഉപദ്രവിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുകയാണെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്കാന് വനിതാ കോച്ച് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പരിശീലനം നടക്കുന്ന സമയം മുതിര്‍ന്ന ഉദ്യോഗസ്ഥയുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന് ഉത്തരവില്‍ പറഞ്ഞു.
പരിശീലനത്തിനെത്തുന്ന സ്ത്രീകളും പെണ്‍കുട്ടികളും വസ്ത്രം മാറുന്ന മുറികളില്‍ പുരുഷന്മാര്ക്ക് പ്രവേശനം പൂര്‍ണമായും നിഷേധിക്കണം. ആവശ്യമെങ്കില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണം. പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കളെ അവര്‍ താല്പര്യപ്പെട്ടാല് പരിശീലന സ്ഥലത്ത് തുടരാന്‍ അനുവദിക്കണം. അനിഷ്ട സംഭവങ്ങള്‍ തടയാന്‍ ആവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ ഇവ പരിശോധിച്ച് അസ്വാഭാവിക പ്രവൃത്തികള്‍ കണ്ടെത്തിയാല്‍ പൊലീസിനെ അറിയിക്കണം. പരിശീലകര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ ഉടന്‍ പൊലീസിന് കൈമാറണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോപണ വിധേയനായ പരിശീലകന് പോക്സോ കേസില്‍ വിചാരണ നേരിടുന്നയാളായതിനാല്‍ മറ്റ് അസോസിയേഷനുകളുമായി സഹകരിക്കരുതെന്ന കെസിഎയുടെ നിര്‍ദ്ദേശം ജില്ലാ അസോസിയേഷനുകള്‍ നടപ്പാക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
കെസിഎയിലോ ജില്ലാ അസോസിയേഷനിലോ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. പെണ്‍കുട്ടികള്‍ക്ക് പൂര്‍ണ സംരക്ഷണം ഒരുക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പോളിസിക്ക് രൂപം നല്‍കും. കെസിഎയിലെയും ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെയും ജീവനക്കാര്‍ക്ക് കൗണ്‍സിലിങ്ങ് നല്‍കും. തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഢനം തടയാന്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് രൂപം നല്‍കും. കെസിഎയുടെ ഈ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശം നല്കി.







